മത്സ്യ-കക്കാവാരൽ തൊഴിലാളികൾക്ക് ദുരിതം
വൈക്കം: വള്ളം ഒരിഞ്ച് മുന്നോട്ടുപോകില്ല... വെച്ചൂർ പുത്തൻകായലിനെ പായലും പോളയും മൂടിയ അവസ്ഥയാണ്. ഇതോടെ മത്സ്യ കക്ക തൊഴിലാളികളുടെ തൊഴിൽ ദുഷ്‌കരമാകുകയാണ്. തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്താണ് പായലും പുല്ലും തടസം സൃഷ്ടിക്കുന്നത്. ഇത് ജലഗതാഗതത്തിനും വെല്ലുവിളിയാണ്. വലയിടുന്നതിനും കക്ക വാരുന്നതിനൊക്കെയായി നൂറുകണക്കിന് തൊഴിലാളികളാണ് ചെറുവള്ളങ്ങളിൽ കായലിലെത്തുന്നത്. കനത്ത തോതിൽ കായലിൽ നിറഞ്ഞ പായലിനും പുല്ലിനും നടുവിലൂടെ വള്ളം തുഴഞ്ഞു പോകാൻ കഴിയാത്ത സ്ഥിതിയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ മേഖലയിലാകെയുണ്ടായ സ്തംഭനത്തെ തുടർന്ന് ജോലി നഷ്ടമായ നിരവധി പേരാണ് ഉപജീവനത്തിനായി ഉൾനാടൻ ജലാശയങ്ങളിൽ മീൻ പിടിക്കാനെത്തുന്നത്. പോളപായലും പുല്ലും വലകളിൽ കുടുങ്ങി വലയ്ക്കും കനത്ത നാശം സംഭവിക്കുന്നുണ്ട്.
പദ്ധതി നടപ്പായില്ല
ജലാശയങ്ങളിൽ നിറയുന്ന പോളയും പായലും ജൈവവളമാക്കാൻ സർക്കാർ മുമ്പ് പദ്ധതി വിഭാവനം ചെയ്‌തെങ്കിലും പ്രാവർത്തികമായില്ല. കായലിൽ നിറഞ്ഞ പായൽ അടിയന്തിരമായി നീക്കണമെന്ന ആവശ്യം ശക്തമാണ്.