കട്ടപ്പന: ബലമുള്ള മരക്കമ്പിന്റെ ഇരുവശത്തും കയർകെട്ടി ബന്ധിച്ച രണ്ട് പാട്ടകളിൽ വെള്ളം നിറഞ്ഞുതുളുമ്പി നിൽക്കും. ഇത് തോളിൽ കയറ്റി കട്ടപ്പനക്കാരുടെ ശിവൻചേട്ടൻ നടന്നുപോകുന്ന വഴിത്താരകളിൽ വെള്ളത്തിന്റെ അടയാളപ്പെടുത്തലുകളുമുണ്ടാകും. കുപ്പിവെള്ളം സർവസാധാരണമായിട്ടും ഇദ്ദേഹം പാട്ടകളിൽ കൊണ്ടുവരുന്ന വെള്ളം കഴിഞ്ഞിട്ടേയുള്ളൂ കട്ടപ്പനയിലെ വ്യാപാരികൾക്ക് മറ്റെന്തും. കട്ടപ്പന കല്ലുകുന്ന് മീനത്തേതിൽ എം.കെ ശിവൻ വർഷമായി നഗരത്തിൽ വെള്ളം എത്തിച്ചുനൽകിവരുന്നു.ഒന്നും രണ്ടും വർഷമല്ല അൻപത് വർഷമായി ശിവൻ പാട്ടയിൽ വെള്ളവുമായി നഗരത്തിലുണ്ട്.
നഗരത്തിലെ കിണറുകൾ, വീടുകൾ, കുഴൽക്കിണറുകൾ എന്നിവിടങ്ങളിൽ നിന്നായി ശേഖരിക്കുന്ന വെള്ളമാണ് കടകളിൽ എത്തിച്ചുനൽകുന്നത്. പെട്ടിക്കടകൾ, കൂൾബാറുകൾ എന്നിവിടങ്ങളിലെ വ്യാപാരികളാണ് ശിവന്റെ കൊണ്ടുവരുന്ന വെള്ളത്തിന്റെ ആവശ്യക്കാർ. 32 ലിറ്ററോളം വെള്ളമാണ് രണ്ട് പാട്ടകളിലായി എത്തിച്ച് നൽകുന്നത്. 20 മുതൽ 50 രൂപ വരെയാണ് വെള്ളത്തിന് ഈടാക്കുന്നത്. ദൂരം കൂടുമ്പോൾ തുകയിൽ വ്യത്യാസമുണ്ടാകും.
1975ലാണ് മാവേലിക്കരയിൽ നിന്ന് ശിവൻ പതിനഞ്ചാം വയസിൽ കട്ടപ്പനയിൽ എത്തുന്നത്. അന്നുമുതൽ കട്ടപ്പനയിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഇദ്ദേഹം. അന്ന് 15 പൈസയായിരുന്നു അന്ന് വെള്ളത്തിന് വില . അക്കാലത്ത് 40ൽപ്പരം പേർ ഈ മേഖലയിൽ ജോലി ചെയ്തിരുന്നു. അക്കാലത്ത് ആവശ്യക്കാർ ഏറെയുള്ളതിനാൽ രാത്രികാലങ്ങളിലും വെള്ളം എത്തിച്ചിരുന്നതായി ശിവൻ പറയുന്നു. പിന്നീട് കുഴൽ കിണറുകളും മറ്റ് കുടിവെള്ള പദ്ധതികളും വ്യാപകമായതോടെ പാട്ടയിൽ എത്തിക്കുന്ന വെള്ളത്തിന് ആവശ്യക്കാർ കുറഞ്ഞു. ലോക്ക്ഡൗൺ കാലത്തും ശിവൻ ചേട്ടന് വിശ്രമമില്ല. പാട്ടകളിൽ തുള്ളിത്തുളുമ്പി വെള്ളം കൊണ്ടുവരുന്നത് കട്ടപ്പനക്കാരുടെ നിത്യകാഴ്ചകളിലൊന്നാണ്. ശാന്തമ്മയാണ് ഭാര്യ. മക്കളായ രമ്യ, രശ്മി എന്നിവരെ വിവാഹം ചെയ്ത് അയച്ചു.