പാലാ: 24 മണിക്കൂറും സേവന സജ്ജമാണീ ജനകീയ സേന; ഉള്ളനാട് കൊവിഡ് റാപ്പിഡ് ഫോഴ്‌സിന്റെ പ്രവർത്തനങ്ങൾ നിരവധിയാളുകൾക്കാണ് താങ്ങും തണലുമാകുന്നത്. ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ഉള്ളനാട് ഭാഗത്ത് മെയ് 13ന് ആരംഭിച്ച ഉള്ളനാട് റാപ്പിഡ് ഫോഴ്‌സ് ടീം കൊവിഡ് മേഖലകളിൽ ഭക്ഷണം,മരുന്ന്, ആശുപത്രിയിൽ പോവാനുള്ള സൗകര്യങ്ങൾ തുടങ്ങിയ സഹായങ്ങൾ രാപകൽ വ്യത്യാസമില്ലാതെ ഒരുക്കുകയാണ്. നിലവിൽ ഭരണങ്ങാനം പഞ്ചായത്തിലെ നാല് വാർഡുകളിൽ ഉച്ചഭക്ഷണവും നൽകുന്നുണ്ട്. ഇതിനോടകം 150 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. കൊവിഡിൽ മാത്രമല്ല കഴിഞ്ഞ ദിവസത്തെ കാറ്റിൽ വഴിനീളെ മരങ്ങൾ വീണ് ഗതാഗതം മുടങ്ങുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്ത സംഭവത്തിൽ കെ.എസ്.ഇ.ബി യ്ക്ക് ഒപ്പം ചേർന്ന മരം വെട്ടിമാറ്റാനും റാപ്പിഡ്‌ഫോഴ്‌സ് മുന്നിലുണ്ടായിരുന്നു. പ്രദേശവാസിയായ മണക്കാട്ട് തോമസ് സ്വന്തം വാഹനം സന്നദ്ധപ്രവർത്തനങ്ങൾക്കായി സൗജന്യമായി വിട്ടുനൽകി. ഭരണങ്ങാനത്ത് മാത്രം ഒതുങ്ങുന്നതല്ല റാപ്പിഡ്‌ഫോഴ്‌സിന്റെ പ്രവർത്തനം. കഴിഞ്ഞദിവസം കെഴുവംകുളത്ത് കോവിഡ് രോഗികൾ താമസിക്കുന്ന വീടിന് മേലേക്ക് കാറ്റിൽ വീണ മരങ്ങൾ മുറിച്ചുമാറ്റിയതും ചെറുപ്പക്കാരുൾപ്പെട്ട ഈ സംഘമാണ്. ഉള്ളനാട് ഡവലപ്‌മെന്റ് സൊസൈറ്റി, വിന്നേഴ്‌സ് ക്ലബ്, ലയൺസ് ക്ലബ്, വിൻസെന്റ് ഡിപോൾ എന്നീ സംഘടനകളുടേയും സഹകരണത്തോടെയാണ് ഉള്ളനാട് റാപ്പിഡ് ഫോഴ്‌സിന്റെ പ്രവർത്തനം. ഭരണങ്ങാനം പഞ്ചായത്തംഗം ലിൻസി സണ്ണി,ജോഷി പൊട്ടംപറമ്പിൽ,ബിനു പെരുമന, അനൂപ് സണ്ണി, ടോണി കവിയിൽ,സണ്ണി കലവനാൽ,ജിനോ,ടോമി,ലിജോ,മാർട്ടിൻ എന്നിവർ നേതൃത്വം നൽകുന്നു.