construction

കുറവിലങ്ങാട്: ലോക്ക്ഡൗണിൽ ജീവിതം വഴിമുട്ടി ദിവസ വേതന തൊഴിലാളികളും നിർമ്മാണ തൊഴിലാളികളും. പലയിടത്തും തൊഴിൽ ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും അവിടേക്ക് എത്താനുള്ള പ്രയാസമാണ് തിരിച്ചടിയായത്. 800 മുതൽ 1500 രൂപ വരെയാണ് നിർമ്മാണ മേഖലയിൽ ദിനംപ്രതി ഒരു കുടുംംബത്തിൽ എത്തിയിരുന്ന വരുമാനം. എന്നാൽ അത് പൂർണമായും നിലച്ചിരിക്കയാണ്.

ഓട്ടോ, ടാക്സി തൊഴിലാളികൾ, വയറിംഗ്, പ്ലംബിംഗ് , വെൽഡിംഗ്, പെയിന്റിംഗ്, അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ, ഡ്രൈവർമാർ, നിർമ്മാണ മേഖലയിലെ മേസ്തിരിമാർ, സഹായികൾ, വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. കാർഷിക മേഖലയിലും തൊഴിൽ ദിനങ്ങൾ കുറവാണ്. തൊഴിലുറപ്പ് ജോലികളും കുറവായതിനാൽ ദിവസവേതന തൊഴിലാളികൾ മിക്കവരും കടുത്ത പ്രതിസന്ധിയിലാണ്.

ബസുടമകളും ജീവനക്കാരും ഒരുപോലെ പ്രതിസന്ധിയിലാണ്. മിക്ക ബസുകളും വായ്പയെടുത്ത് വാങ്ങിയതാണ്.

ഓടാതെ കിടക്കുന്നതിനാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. നികുതിയിളവ് ലഭിച്ചിട്ടില്ല ക്ഷേമനിധിയിൽ ഉടമകളുടെയും തൊഴിലാളികളുടെയും വിഹിതം അടയ്ക്കുന്നതിനും സാവകാശം അനുവദിച്ചിട്ടില്ല.

ലോക്ക്ഡൗൺ വസ്ത്രവ്യാപാര മേഖലയുടെയും നട്ടെെല്ലൊടിച്ചു. വ്യാപാരവും തൊഴിലും നഷ്ടപ്പെട്ട് ആയിരക്കണക്കിന് കുടുബത്തെ പട്ടിണിയിലാണ്. നികുതി, വാടക, വൈദ്യുതി ബില്ല്, ശമ്പളം എന്നിവ നൽകുന്നതിന് പുറമെ കടം വാങ്ങിയും ആകെയുള്ള സമ്പാദ്യം ചെലവാക്കിയും വാങ്ങിവെച്ചിരിക്കുന്ന തുണിത്തരങ്ങൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയാണ്.

ഹോട്ടലുകൾ തുറക്കാമെങ്കിലും ഭൂരിഭാഗം ഹോട്ടലുകളും ചായക്കടകളും അടഞ്ഞു കിടക്കുകയാണ്. പാഴ്സൽ മാത്രം നൽകാനുള്ള ബുദ്ധിമുട്ടും കച്ചവടം കുറഞ്ഞതുമാണ് പൂട്ടാൻ കാരണം. പലയിടത്തും പാഴ്സൽ കൊടുക്കാൻ ബുദ്ധിമുട്ടാണ്. ആശുപത്രികളുടെ പരിസരത്ത് തുറക്കാറുണ്ടായിരുന്ന ഹോട്ടലുകൾ പോലും അടഞ്ഞു കിടക്കുകയാണ്.