sandhya

പാലാ: നഗരസഭാ 13ാം വാർഡ് കൗൺസിലർ സന്ധ്യ വിനു കുമാറിന് ഈ കൊവിഡ് കാലത്ത് നാട്ടിൽ കാരുണ്യത്തിന്റെ മുഖമാണ്. വാർഡിലെ പാവപ്പെട്ട മുഴുവൻ കുടുംബങ്ങളിലും മരുന്നും ഭക്ഷണവുമുൾപ്പെടെ എത്തിച്ച് ജനകീയയായ ഈ കൗൺസിലർ ഇന്നലെ നടത്തിയത് തികച്ചും വിലമതിക്കാവുന്ന കാരുണ്യം.
പാവപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും അടുത്ത രണ്ടാഴ്ചത്തേക്കുള്ള പലവ്യഞ്ജനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റ് സന്ധ്യ നൽകി. കൊവിഡ് ദുരിതകാലത്ത് തന്റെ വോട്ടർമാരോടുള്ള പ്രതിബദ്ധത ഉറപ്പിക്കുക എന്ന ദൗത്യമാണ് തന്റെ മുന്നിലുള്ളതെന്ന് അദ്ധ്യാപിക കൂടിയായ സന്ധ്യ വിനുകുമാർ പറയുന്നു.

ലോക്ക് ഡൗൺ മൂലം ജോലിക്ക് പോകാനാവാതെ ബുദ്ധിമുട്ടുന്ന മുഴുവൻ കുടുംബങ്ങളിലും ഇന്നലെ ഒറ്റ ദിവസം കൊണ്ട് സന്ധ്യയും ഭർത്താവ് വിനു കുമാറും ചേർന്ന് ഭക്ഷ്യകിറ്റുകളെത്തിച്ചു.

സാധാരണ കിറ്റ് പോലെ ആയിരുന്നില്ല ഈ കിറ്റുകൾ. പഞ്ചസാര, തേയില, കാപ്പി പൊടി, വെളിച്ചെണ്ണ, മുളക് പൊടി, മല്ലിപ്പൊടി, റവ, പുട്ട് പൊടി, ആട്ട, ഉഴുന്ന്, വൻപയർ, ചെറുപയർ, കടല, സവോള, ഉരുളക്കിഴങ്ങ് മുതൽ സോപ്പു വരെ ഇരുപതിലേറെ സാധനങ്ങളുണ്ടായിരുക്കു ഓരോ കിറ്റിലും.

തൊള്ളായിരത്തോളം രൂപാ വില വരുന്ന ഓരോ കിറ്റിനും മുടക്കിയത് തന്റേയും ഭർത്താവ് വിനു കുമാറിന്റെയും കൈക്കാശു മാത്രമാണെന്ന് അഭിമാനത്തോടെ ഈ കൗൺസിലർ പറയുന്നു. കിറ്റുകൾക്കും ഇത് വീടുകളിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള അനുബന്ധ ചെലവുകൾക്കുമായി അറുപതിനായിരത്തോളം രൂപ മുടക്കി. ഇത്തവണ ലോക് ഡൗൺ തുടങ്ങിയ ശേഷം വാർഡിലാകെയായി ഒന്നര ലക്ഷത്തോളം രൂപയുടെ സഹായമാണ് സന്ധ്യ വിനുകുമാർ എത്തിച്ചത്. പാലാ നഗരസഭയിലെ മറ്റൊരു വാർഡിലും ഇത്രയേറെ സഹായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല.

സന്ധ്യയുടെ വസതിയിൽ നടന്ന ചടങ്ങിൽ മുരിക്കുമ്പുഴ എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ് അഡ്വ .പി. കെ ലാൽ പുളിക്കക്കണ്ടം കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സി.പി. ഐ. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിഡ്, സി.പി. എം. പാലാ ഏരിയാ കമ്മിറ്റിയംഗം കെ. കെ ഗിരീഷ്, സി.പി. ഐ. പാലാ ലോക്കൽ സെക്രട്ടറി പ്രമോദ് നാരായണൻ തുടങ്ങിയവരും പങ്കെടുത്തു.