വൈക്കം: മഴയൊന്ന് പെയ്താൽ ചെളിവെള്ളം, കണ്ണൊന്ന് തെറ്റിയാൽ അപകടം. വൈക്കം മുത്തേടത്തുകാവ് റോഡിന്റെ അരികിലാണ് അപകടമെന്ന് പറയാം. ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്ന വൈക്കം മുത്തേടത്തുകാവ് റോഡിനിരുവശവും മണ്ണിട്ടുയർത്തി കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി.ഉയർത്തി പുനർനിർമ്മിക്കുന്ന റോഡിനിരുവശവും റോഡുനിരപ്പിൽ നിന്ന് ഏറെ താഴ്ന്നതായതിനാൽ പ്രദേശവാസികൾക്കും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്കും ഒരുപോലെ ദുരിതമാണ്. ഒപ്പം റോഡരിക് ചേർന്നെത്തുന്ന ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. വീടുകളിൽ നിന്ന് കാറടക്കമുള്ള വാഹനങ്ങൾ നിരത്തിലേയ്ക്കിറക്കാനാവാത്ത സ്ഥിതിയാണ്. തോട്ടുവക്കം മുതൽ മൂത്തേടത്തുകാവ് വരെ റോഡിനിരുവശവും വെള്ളമൊഴുകി പോകുന്നതിന് സംവിധാനമൊരുക്കണം. റോഡിന്റെ വശങ്ങൾ മണ്ണിട്ട് നികത്തി കോൺക്രീറ്റ് ചെയ്താൽ മാത്രമേ ദുരിതമൊഴിയൂവെന്ന് നാട്ടുകാർ പറയുന്നു.

5 കോടി

തോട്ടുവക്കം മൂത്തേടത്തുകാവ് റോഡ് അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് പുനർ നിർമ്മിക്കുന്നത്.