കോട്ടയം: ലോക്ക് ഡൗൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂവായിരത്തോളം ലിറ്റർ കോടയാണ് എക്സൈസ് പിടിച്ചെടുത്തത്. 58 പേരെ അറസ്റ്റു ചെയ്തു. കൊവിഡ് പ്രശ്നങ്ങൾ മൂലം 20 അറസ്റ്റ് നടക്കാനുണ്ട്. അതേസമയം ലോക്ക് ഡൗൺ വിരസതമാറ്റാൻ പലരും വീടുകളിൽ സ്വന്തം ആവശ്യത്തിന് വാറ്റ് തുടങ്ങിയെന്ന വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്.
കോട പാകമാകാൻ എടുത്ത ആദ്യത്തെ ആറു ദിവസത്തിന് ശേഷം ആവശ്യക്കാർക്ക് ഇഷ്ടംപോലെ വാറ്റ് ചാരായം ലഭിക്കാൻ തുടങ്ങിയെന്നാണ് എക്സൈസ് കണ്ടെത്തൽ. ലിറ്ററിന് രണ്ടായിരം രൂപയ്ക്ക് വരെ അവസരം മുതലെടുത്ത് വിൽക്കുന്ന വിരുതൻമാരുമുണ്ട്. എക്സൈസ് എൻഫോഴ്സ്മെന്റ് ജാഗ്രതയിലാണെന്ന് ഡെപ്യൂട്ടി കമ്മിഷണർ എ.ആർ.സുൽഫിക്കർ പറഞ്ഞു. പട്രോളിംഗും വാഹനപരിശോധനയും ഊർജിതമാണ്. ഇതിന് പുറമേ കൊവിഡ് ബാധിച്ച് പൊലീസുകാർ ചികിത്സയിലായതിനാൽ എക്സൈസ് ഉദ്യോഗസ്ഥർ പൊലീസുകാരെ സഹായിക്കുന്നുമുണ്ട്.