silverline

കോട്ടയം: ഇടതുമുന്നണിക്ക് തുടർഭരണം ലഭിച്ചതോടെ അതിവേഗ റെയിൽ പാതയ്ക്ക് ജീവൻ വയ്ക്കുന്നു. പാതയ്ക്കായി സ്ഥലം നഷ്ടപ്പെടുന്നവരുടെ വോട്ട് ലക്ഷ്യമാക്കി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അതിവേഗ പാത തിരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. കേരള റെയിൽ വികസന കോർപ്പറേഷന്റെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി തത്വത്തിൽ ലഭിച്ചതോടെ എതിർപ്പു മറികടന്ന് സർക്കാരിന് ഇനി പച്ചക്കൊടി വീശാം.

മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 67,045 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിക്കാണ് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

തുടർഭരണം ലഭിക്കുകയും കേന്ദ്രസർക്കാർ അനുമതി ഉറപ്പാക്കുകയും ചെയ്തതോടെ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. ആക്ഷൻ കൗൺസിലും യു.ഡി.എഫും ചേർന്നുള്ള എതിർപ്പ് ക്ലച്ച് പിടിക്കില്ലെന്ന വിശ്വാസത്തിലാണ് സംസ്ഥാന സർക്കാർ.

എതിർക്കുന്നവർ പറയുന്നത്

 40,000 ഒാളം വീടുകൾ നഷ്ടപ്പെടും. ലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിപ്പിക്കപ്പെടും.

 പാതക്കിരുവശവും മതിലോ ഫെൻസിംഗോ നിർമ്മിക്കുന്നതു വഴി കേരളം വിഭജിക്കപ്പെടും.

 ശാസ്ത്രീയമായ പഠനങ്ങളില്ലാതെയാണ് പദ്ധതിക്കുള്ള ഡി.പി.ആർ തയ്യാറാക്കിയത്.

 കോടിക്കണക്കിന് രൂപ മുതൽ മുടക്കുള്ള പദ്ധതി ലാഭകരമാകില്ല

അനുകൂലിക്കുന്നവർ പറയുന്നത്

ഏറ്റവും കുറച്ച് സ്ഥലമേ ഏറ്റെടുക്കൂ ,വലിയ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ല

 പദ്ധതിക്കുവേണ്ടി ഒഴിപ്പിക്കപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകും.

കേരളത്തെ വിഭജിക്കുമെന്ന് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ പരത്താൻ.

മൂന്നു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട് എത്താം

കേരള റെയിൽ എം.ഡി അജിത് കുമാർ പറയുന്നത്.

 ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ നാല് ഇരട്ടി നഷ്ടപരിഹാരമായി നല്കും.

 വീട്, മറ്റ് കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയ്ക്ക് ഇരട്ടി നഷ്ടപരിഹാരമായി ലഭിക്കും.

 15 മുതൽ 25 മീറ്റർ വരെ വീതിയിൽ മാത്രമാണ് ഭൂമി ആവശ്യമായി വരുന്നത്

 പ്രത്യക്ഷമായും പരോക്ഷമായും അരലക്ഷം തൊഴിൽ അവസരങ്ങൾ ഉണ്ടാകും.

ചെലവ്

67,045

കോടി രൂപ

സ്ഥലം നഷ്ടപ്പെടുന്നവർ പാത കടന്നുപോകുന്ന ഇടങ്ങളിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിലാണ്. ഒരു കാരണവശാലും പാത അംഗീകരിക്കില്ല. ഏതറ്റം വരെയും പോകും.

- അഡ്വ. വിനോ വാഴയ്ക്കൽ, സേവ് കേരള ഫോറം ചെയർമാൻ