പാലാ: കൊവിഡ് പ്രതിരോധവും വിലക്കും ലംഘിച്ച് ജനം കൂട്ടത്തോടെ നഗരത്തിൽ. ലോക്ക്ഡൗൺ മൂന്നാമത്തെ ആഴ്ചയിലേക്ക് നീട്ടിയതിന് പിന്നാലെയാണ് പാലായിലും സമീപപ്രദേശങ്ങളിലും ജനം നിയന്ത്രണങ്ങളെല്ലാം മറികടന്ന് റോഡിലിറങ്ങിയത്. ഇന്നലെ രാവിലെ മുതൽ പാലാ നഗരത്തിൽ വൻ തിരക്കായിരുന്നു. വ്യാപാര സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ച് തുടങ്ങിയതോടെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പാളിച്ചയുണ്ടായത്. വ്യാപാരസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ജനം തടിച്ചുകൂടിയ അവസ്ഥയായിരുന്നു. പാലായിലെ ഉപറോഡുകളിൽ ഇന്നലെ രാവിലെ മുതൽ വാഹനത്തിരക്കുമൂലം രൂക്ഷമായ ഗതാഗത തടസവുമുണ്ടായി. സാമൂഹിക അകലവും മുൻകരുതലുകളും നടപ്പിലാക്കുന്നതിൽ അധികൃതരും കടുത്ത അലംഭാവം കാട്ടുകയാണ്.പൊലീസ് പരിശോധന കാര്യക്ഷമല്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പാലാ ആശുപത്രി ജംഗ്ഷൻ, കൊട്ടാരമറ്റം, രാമപുരം, കൊല്ലപ്പള്ളി, പൈക, കിടങ്ങൂർ, ചേർപ്പുങ്കൽ എന്നിവിടങ്ങളിലും വിവിധ സ്റ്റേഷൻ പരിധിയിലും പൊലീസും മൊബൈൽ സ്‌ക്വാഡും നടത്തിയ പരിശോധന നടത്തുണ്ടെങ്കിലും ജനത്തിരക്ക് ദിനംപ്രതി വർദ്ധിക്കുകയാണ്.
ആശങ്ക വർദ്ധിച്ചു
പൈക,കൊല്ലപ്പള്ളി,പ്രവിത്താനം,പാലാ,ചേർപ്പുങ്കൽ,കിടങ്ങൂർ ടൗണുകളിലെല്ലാം ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രതിരോധം മറന്ന് ആളുകൾ എത്തിയാൽ രോഗം വീണ്ടും വർദ്ധിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ അഭിപ്രായം.
അതേസമയം ലോക്ക്ഡൗൺ നിയന്ത്രണം തെറ്റിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ അഞ്ചു പേർക്കെതിരെ പാലാ പൊലീസ് ഇന്നലെ കേസെടുത്തു.