പൊൻകുന്നം:വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. മെഡിക്കൽ വാർഡിലാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. അഞ്ച് നിരീക്ഷണ കിടക്കകൾ ഉൾപ്പടെ 40 കിടക്കകൾ ഒരുക്കി. ഓരോ കിടക്കയിലും നേരിട്ട് ഓക്‌സിജൻ എത്തുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.ഇതിനായി 16 ഓക്‌സിജൻ സിലണ്ടറുകളാണ് പ്രവർത്തിക്കുക. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വാർഡായാണ് ക്രമീകരണം. സി.എഫ്.എൽ.ടി.സിയിൽ എത്തുന്ന രോഗികളുടെ ഭക്ഷണം, മരുന്ന്, മറ്റ് ആവശ്യങ്ങൾ എന്നിവ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നൽകും.
ഓക്‌സിജൻ സിലണ്ടർ നിയുക്ത ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സേതുനാഥ്, ഷാജി പാമ്പൂരി, പി.എം ജോൺ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ആർ.എം.ഒ ഡോ. രേഖാ ശാലിനി, ഡോ.നിഷാ കെ. മെയ്തീൻ, ബി.ഡി.ഒ. പി.എൻ. സുജിത് എന്നിവർ പങ്കെടുത്തു. ചേപ്പുംപാറ കുരിശുംമൂട്ടിൽ ജോബി കെ. ജോസഫ് രണ്ട് ഓക്‌സിജൻ സിലണ്ടറുകളും, കൊണ്ടോപ്പറമ്പിൽ ജോജോ 50 ബഡ്ഷീറ്റുകളും കേന്ദ്രത്തിലേയ്ക്ക് സൗജന്യമായി നൽകി.