കോട്ടയം: പൂവൻതുരുത്തിലെ നിർമ്മാണത്തിലിരുന്ന മേൽപ്പാലത്തിൽ മണ്ണിടിഞ്ഞു. ഇന്നലെ വൈകിട്ട് 5.30 ഓടെ കോൺക്രീറ്റിങ്ങിനിടെയാണ് സംഭവം.

ചിങ്ങവനം കോട്ടയം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് മേൽപ്പാലം നിർമ്മാണം ആരംഭിച്ചത്. എന്നാൽ, കൊവിഡിന്റെ പ്രതിസന്ധികളെ തുടർന്നു നിർമ്മാണ ജോലികൾ ഇഴഞ്ഞുനീങ്ങുകയാണ്. കഴിഞ്ഞദിവസമാണ് നിർമ്മാണ ജോലികൾ പുനരാരംഭിച്ചത്. മേൽപ്പാലത്തിനു സമീപം താമസിക്കുന്ന പുത്തൻപുരയ്ക്കൽ സാബുവിന്റെ വീടിനു സമീപത്ത് നേരത്തെ മണ്ണിടിഞ്ഞിരുന്നു. എന്നാൽ, കരാറുകാരും നിർമ്മാണ ജോലിക്കാരും എത്താതിരുന്നതിനാൽ ഈ മണ്ണിടിച്ചിൽ ഇവരുടെ ശ്രദ്ധയിൽപ്പെടുത്താൻ വീട്ടുകാർക്ക് സാധിച്ചില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസമാണ് വീണ്ടും നിർമ്മാണ ജോലികൾ പുനരാരംഭിച്ചത്. മണ്ണിടിഞ്ഞ് വീണ് വലിയ തോതിൽ ഇവിടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

വീടുകൾ അപകടാവസ്ഥയിലായിട്ടുണ്ടെങ്കിൽ ഈ പ്രദേശത്ത് സംരക്ഷണഭിത്തി നിർമ്മിക്കുമെന്നും റെയിൽവേ കരാറുകാരനും അധികൃതരും വീട്ടുടമസ്ഥരെ അറിയിച്ചു. മണ്ണ് നീക്കം ചെയ്ത ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.