റപ്പോർട്ട് ഇന്ന് സമർപ്പിക്കും
ആരോപണ വിധേയരല്ലാത്ത ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനും നിർദേശം


കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേടിൽ അന്വേഷണം നടത്തിയ കട്ടപ്പന ബി.ഡി.ഒ. ഇന്ന് കളക്ടർക്ക് റപ്പോർട്ട് നൽകും. അഴിമതി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടായതിനാൽ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകൂ. മെറ്റിരിയൽ ജോലികളുടെ ബോർഡുകൾ എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയാൻ ഫീൽഡ് വിസിറ്റ് നടത്തേണ്ടിവരും. ജോലികൾ പൂർത്തീകരിക്കാത്ത സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നേരത്തെ ആരോപണമുയർന്നിരുന്നു. ഇപ്പോൾ സസ്‌പെൻഷനിലുള്ളവരിൽ ആരോപണ വധേയരല്ലാത്തവരെ തിരിച്ചെടുക്കാനും റിപ്പോർട്ടിൽ ശിപാർശയുള്ളതായി വിവരമുണ്ട്. അക്രഡിറ്റഡ് എൻജിനീയർ, രണ്ട് ഓവർസീയർമാർ, രണ്ട് ഡി.ടി.പി ഓപ്പറേറ്റർമാർ എന്നിവരെ കളക്ടർ എച്ച്. ദനേശൻ 19ന് സസ്‌പെൻഡ് ചെയ്ത ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് 2.85 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്. നിലവിൽ എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ 2017 18 മുതൽ നടത്തിയ മെറ്റീരിയൽ ജോലികളിലാണ് 2,85,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്.
അഴിമതി സംബന്ധിച്ച് അയ്യപ്പൻകോവിൽ പഞ്ചായത്ത് രൂപീകരിച്ച സബ് കമ്മിറ്റിയും അന്വേഷണം നടത്തുന്നുണ്ട്. വൈസ് പ്രസിഡന്റ്, മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഒരു പഞ്ചായത്ത് അംഗം, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയർ, ഹെഡ് ക്ലാർക്ക്, രണ്ട് ക്ലാർക്കുമാർ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. ജനപ്രതിനിധികളെല്ലാം ഭരണകക്ഷിയിൽപ്പെട്ടവരാണ്. കളക്ടറുടെ നിർദേശപ്രകാരം ബി.ഡി.ഒ നടത്തുന്ന അന്വേഷണത്തിന് പുറമേയാണിത്.
അതേസമയം അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേന്ദ്ര സർക്കാരിനും പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ സബ് കമ്മിറ്റിയിൽ ഒരു പ്രതിപക്ഷ അംഗത്തെ പോലും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. നിലവിൽ ബി.ഡി.ഒ.യുടെ നിയന്ത്രണത്തിലുള്ള തൊഴിലുറപ്പ് ഓഫീസിലെ രേഖകൾ ഭരണകക്ഷി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് നശിപ്പിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. സോഫ്റ്റ് വെയറിലെ വിവരങ്ങൾ നീക്കുകയും പുതുതായി എം. ബുക്കും മസ്റ്ററോളും തയാറാക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടും നടപടിയെടുക്കാൻ തയാറാകാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്നും യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു