കട്ടപ്പന: കൊവിഡ് ബാധിതന്റെ വീട്ടിലേക്ക് വാങ്ങിയ ഇറച്ചിയിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ ഫുഡ് ആൻഡ് സേഫ്ടി അധികൃതർ മാംസവ്യാപാര ശാലയിൽ പരിശോധന നടത്തി. സ്വരാജ് പെരിയോൻകവല സ്വദേശി, മാട്ടുക്കട്ടയിലെ അറവുശാലയിൽ നിന്നു ഞായറാഴ്ച വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടത്. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇറച്ചി പഴകിയതല്ലെന്ന് സ്ഥിരീകരിച്ചു. മാട്ടുക്കട്ടയിലെത്തിയെങ്കിലും കട അടച്ചിരുന്നു. തുടർന്ന് ഇന്നലെ കടയിലെത്തി തെളിവുകൾ ശേഖരിച്ചു. ഉരുവിന്റെ ദേഹത്ത് ഉണ്ടായിരുന്ന മുറിവിൽ നിന്ന് പുഴു വ്യാപിച്ചതാകാമെന്നാണ് ഫുഡ് ആന്റ് സേഫ്ടി ഇൻസ്‌പെക്ടർ ആൻമരിയ ജോൺസൺ പറഞ്ഞു. എന്നാൽ ഇവിടെ അറക്കുന്ന ഉരുവിന്റെ ആരോഗ്യം പരിശോധിക്കണമെന്ന നിബന്ധന പാലിച്ചില്ലെന്നും അറവുശാലയിൽ മതിയായ സൗകര്യമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നടപടിയുടെ ഭാഗമായി കട അടയ്ക്കാൻ നോട്ടീസ് നൽകി. പിഴ ഈടാക്കുന്നതു സംബന്ധിച്ച് അസിസ്റ്റന്റ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.