കട്ടപ്പന: നഗരസഭയുടെ അനാസ്ഥയെ തുടർന്ന് കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഓക്‌സിജൻ സിലിണ്ടർ എത്താൻ വൈകി. ഒടുവിൽ കൗൺസിലർ പ്രശാന്ത് രാജു ഇടപെട്ട് സിലിണ്ടറുകൾ എത്തിച്ചുനൽകി. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ അധികൃതർ ഇന്നലെ ഉച്ചയോടെയാണ് ഓക്‌സിജൻ ആവശ്യപ്പെട്ട് കളക്‌ട്രേറ്റിലെ വാർ റൂമിൽ വിവരം നൽകിയത്. തുടർന്ന് ഒന്നേമുക്കാലോടെ വിവരം നഗരസഭയ്ക്ക് കൈമാറി. എന്നാൽ ഇവിടെ നിന്നും കട്ടപ്പനയിലെ നാഷണൽ ഗ്യാസ് ഏജൻസിയിൽ വിവരം നൽകിയില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും സിലിണ്ടർ എത്താത്തതിനെ തുടർന്ന് സെന്ററിന്റെ ചുമതലയുള്ള ഡോ. നിതിൻ ഗ്യാസ് ഏജൻസിയിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. ഈസമയം സ്ഥലത്തെത്തിയ പ്രശാന്ത് രാജു ഇടപെട്ട് നഗരസഭ വാഹനം എത്തിച്ച് സിലിണ്ടറുകൾ കയറ്റിയയ്ക്കുകയായിരുന്നു.