കോട്ടയം: ചൂഷണത്തിനെതിരെ കർഷകർ ഉറച്ചുനിന്നു. അവസാനം നെല്ലെടുക്കാൻ മില്ല് ഉടമകൾ തയാറായി. നീണ്ട 21 ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് ഏറ്റുമാനൂർ - ചെറുവാണ്ടൂർ പുഞ്ചപ്പാടശേഖരത്തിൽ നിന്നും കൊയ്തെടുത്ത് വീടുകളിൽ സൂക്ഷിച്ചിരുന്ന നെല്ല് ഏറ്റെടുത്തത്. ഇതോടെ കർഷകർ ആഹ്ളാദത്തിലാണ്.
ലോക്ക്ഡൗണിന്റെ മറവിൽ ചൂഷണത്തിലൂടെ കൂടുതൽ നെല്ല് സംഭരിക്കാനായിരുന്നു മില്ലുടമകളുടെ നീക്കം. നൂറുകിലോയ്ക്ക് എട്ട് കിലോ കൂടുതൽ തന്നാൽ നെല്ലെടുക്കാമെന്നാണ് ചില മില്ലുകൾ പറഞ്ഞത്. ഒടുവിൽ ഒപ്പം കൃഷി ചെയ്ത പാടശേഖരങ്ങളിലെ നെല്ല് സംഭരിച്ച തൂക്കത്തിലും നിരക്കിലും നെല്ല് സംഭരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.
ജില്ലയിലെ തന്നെ ഏറ്റവും മികച്ച നെല്ലും വിളവുമാണ് ഏറ്റുമാനൂർ-ചെറുവാണ്ടൂർ പാടശേഖരത്ത് ഉണ്ടായത്. ഈർപ്പമുണ്ടാകാതിരിക്കാൻ കർഷകരുടെ കിടപ്പുമുറികളിലും ഇതിനായി തയ്യാറാക്കിയ ഗോഡൗണുകളിലുമാണ് നെല്ല് ഉണക്കി ചാക്കിലാക്ക് സംഭരിച്ചിരുന്നത്. ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) എന്ന സാംസ്കാരിക സൗഹൃദ സംഘടനയുടെ നേതൃത്വത്തിൽ ചേർന്ന ജനകീയ സമ്മേളനമാണ് ചെറുവാണ്ടൂർ ചാൽ വീണ്ടെടുക്കാനും പാടശേഖരത്ത് പൂർണമായും കൃഷിയിറക്കാനും ജനകീയ സമിതി രൂപവത്കരിച്ചത്. ഇത്തവണ മുപ്പത് ഏക്കറിൽ നിന്ന് എൺപത് ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.