കോട്ടയം: സംസ്ഥാനത്ത് കറുത്ത പൊന്നിന് മോഹവില. ഒരാഴ്ചക്കിടെ കുരുമുളകിന് കൂടിയത് കിലോയ്‌ക്ക്
14 രൂപ. അൺഗാർബിൾഡ് കുരുമുളകിന് കിലോയ്ക്ക് 384 രൂപയും ഗാർബിൾഡിന് 404 രൂപയുമാണ് തിങ്കളാഴ്ചത്തെ വില. ഫെബ്രുവരി അവസാനം മുതൽ വിലക്കയറ്റം പ്രകടമായിരുന്നെങ്കിലും ഏപ്രിൽ അവസാനത്തോടെ വില കുറഞ്ഞിരുന്നു. മേയ് പകുതി മുതൽ ക്വിന്റലിന് 1,400 രൂപയുടെ വിലക്കയറ്റമാണുണ്ടായത്.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിപണിയിലേക്കുള്ള ചരക്കുനീക്കം നിലച്ചതാണ് ഇപ്പോഴത്തെ വില വർദ്ധനയ്ക്ക് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കർഷകരിൽ നിന്ന് കുരുമുളക് സംഭരിക്കുന്ന ഇടുക്കിയിലെയും വയനാട്ടിലെയും മൊത്ത വിതരണ കേന്ദ്രങ്ങളും മലഞ്ചരക്ക് കടകളും അടഞ്ഞുകിടക്കുകയാണ്.
ഭക്ഷ്യ വസ്തുക്കൾക്ക് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടെങ്കിലും കുരുമുളക് അടക്കമുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരവും സംഭരണവും സംസ്കരണവും ഇപ്പോൾ നടക്കുന്നില്ല. ചരക്കുനീക്കം തടസ്സപ്പെട്ടതോടെ മസാല നിർമ്മാണ കമ്പനികളും കയറ്റുമതിക്കാരും അരക്ഷിതാവസ്ഥയിലാണ്.
കുരുമുളക് കൂടുതലായി വിപണിയിലെത്തുന്ന സമയമാണിത്. കഴിഞ്ഞ വർഷങ്ങളിൽ മേയ് പകുതിയോടെ വില കുറയാറുണ്ട്.. ലോക്ഡൗണിന് പുറമെ കാലാവസ്ഥ വ്യതിയാനവും കുരുമുളക് ഉത്പാദനത്തെയും സംഭരണത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
അതേസമയം ശ്രീലങ്കയിൽ നിന്നുള്ള കുരുമുളക് ഇറക്കുമതി ഗണ്യമായി കൂടി. കിലോയ്ക്ക് 500 രൂപ കൊടുത്താണ് ശ്രീലങ്കയിൽ നിന്ന് മുളക് സംഭരിച്ച് ഇറക്കുമതി ചെയ്യുന്നത്. ഇതിന് പുറമെ സാഫ്ക കരാർ പ്രകാരം എട്ട് ശതമാനം ഇറക്കുമതി തീരുവയും രണ്ട് ശതമാനം സെസും (സോഷ്യൽ വെൽഫെയർ) നൽകണം. ഈ വർഷം ഏപ്രിൽ വരെ 2,927 ടൺ കുരുമുളകാണ് ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്തത്. 2020-ൽ മൊത്തം 4,017 ടണ്ണും 2019-ൽ 3,114 ടണ്ണും ഇറക്കുമതി ചെയ്തിരുന്നു.