anila
അനില സാബു.

കട്ടപ്പന: ലോക്ക്‌ഡൗൺ കാലത്ത് കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അനില വാൾ പെയിന്റിംഗിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചത്. യുട്യൂബിലെ വീഡിയോകളിൽ നിന്ന് രീതികളെല്ലാം നോക്കി പഠിച്ചു. സ്‌കൂൾ പഠനകാലത്ത് താഴെവച്ച പെയിന്റും ബ്രഷും പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടുമെടുത്ത് വരച്ചുതുടങ്ങി. ഇപ്പോൾ വീടിന്റെ ചുവരുകളിലെല്ലാം മക്കളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളും മരങ്ങളും മുളങ്കാടുകളുമെല്ലാം നിറഞ്ഞുനിൽക്കുകയാണ്. കേരള കൗമുദി ദിനപത്ര ഏജന്റ് ചീന്തലാർ മൂഴിക്കുളത്ത് എം.വി. സാബുവിന്റെ ഭാര്യയാണ് അനില. മുളക്കമ്പിൽ ചാടിക്കളിക്കുന്ന പാണ്ടകൾ, കരടിക്കുഞ്ഞുങ്ങൾ, മിക്കി മൗസ്, ടോം ആൻഡ് ജെറി തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളാണ് ഏറെയും. അനിലയുടെ വാൾ പെയിന്റിംഗിന്റെ ചിത്രങ്ങൾ കണ്ട നിരവധി സുഹൃത്തുക്കൾ, തങ്ങളുടെ വീടുകളിലും ചിത്രങ്ങൾ വരച്ചുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം കാർഡ്‌ബോർഡിലുള്ള ചിത്രരചനയിലും വീടുകൾ മോടിപിടിപ്പിക്കുന്ന പേപ്പർ ക്രാഫ്റ്റ് ജോലികളിലും അനില വിദഗ്ദ്ധയാണ്. പ്രോത്സാഹനവുമായി ഭർത്താവ് സാബു, മക്കളായ ആൻമരിയ, അന്ന സൂസൻ എന്നിവർ ഒപ്പമുണ്ട്.