ചങ്ങനാശേരി : ശക്തിയായ മഴ പെയ്താൽ ഇരുപ്പാ വേഷ്ണാൽ തോടിന്റെ ഇരു കരയിലുമുള്ള വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. തോടിന്റെ ഒഴുക്ക് സുഗമമല്ലാത്തതാണ് ഇതിന് ഇടയാക്കിയിരുന്നത്. ഏഴ് മീറ്റർ വീതിയുള്ള തോട്ടിൽ പോളയും മണ്ണും നിറഞ്ഞാണ് നീരൊഴുക്ക് തടസ്സപ്പെട്ടത്. റെയിൽവേ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന തോട് ഇരുപ്പ, ളായിക്കാട്, പൂവം, എസി കനാൽ വരെയുളള വിവിധ ഭാഗങ്ങളിൽ തോട്ടിൽ മുട്ട് ഇട്ടിരിക്കുന്നതും വെള്ളപ്പൊക്ക ഭീഷണിയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പ്രദേശം പൂർണ്ണമായും വെള്ളത്തിലായിരുന്നു. ഏകദേശം 200 ഓളം വീടുകൾ തോടിനു സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. ആഴം കൂട്ടൽ, പോളവാരൽ ഇവ കൃത്യമായി നടക്കാത്തതും വെള്ളം കയറുന്നതിന് ഇടയാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.

പോള നീക്കൽ ആരംഭിച്ചു

വിഷയം ശ്രദ്ധയിൽപ്പെട്ട അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ സ്ഥലത്തെത്തി മൈനർ ഇറിഗേഷൻ വകുപ്പ് ഓഫീസർക്ക് കാലവർഷത്തിന് മുമ്പ് തോട്ടിലെ പോള നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിന് അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്ന് നിർദ്ദേശം നൽകുകയും നാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നാലുകോടി വേഷ്ണാൽ പ്രാക്കുഴി പാലത്തിന് സമീപം ഹിറ്റാച്ചി ഉപയോഗിച്ച് പോളവാരൽ കഴിഞ്ഞ ദിവസം ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് കുമരംപറമ്പിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്.

തോട്ടിൽ മുട്ടിടുന്നതിന് പകരം ഷട്ടർ മാതൃകയിൽ വെള്ളം കയറുന്നതിനും ഇറങ്ങുന്നതിനും പൂവം ഭാഗത്ത് ക്രമീകരണം ചെയ്യണം

രാജപ്പൻ,പ്രദേശവാസി