കുമരകം : കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ജനങ്ങളുടെ സുരക്ഷയെ കരുതി സഞ്ചാരവഴികൾ കെട്ടിയടച്ച കൈകൾ സഹായഹസ്തങ്ങളായി മാറി. പഞ്ചായത്തിലെ 16-ാം വാർഡിലുള്ള പള്ളിത്തോപ്പ് കോളനി നിവാസികൾക്കാണ് കുമരകം പൊലീസ് ഭക്ഷ്യക്കിറ്റുമായി എത്തിയത്. കോളനി നിവാസികളായ തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടിയതോടെ ദുരിതത്തിലായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം സേവനത്തിനായി മാറ്റിവെച്ചത്. പലചരക്ക് ,പച്ചക്കറികൾ തുടങ്ങിയ 31 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് കോളനിയിലെ 50 വീട്ടുകാർക്കും എത്തിച്ചു നൽകിയത്. ഡിവൈ.എസ്.പി എം.അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, സി.ഐ.വി.സജികുമാർ ,എസ്.ഐ എസ്.സുരേഷ്, പി.ആർ.ഒ ആനന്ദക്കുട്ടൻ, പഞ്ചായത്തംഗം ആർഷ ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.