ചങ്ങനാശേരി : കൊവിഡിന് പിന്നാലെ ചങ്ങനാശേരി മേഖലയിൽ ഡെങ്കിപ്പനിയും പടർന്നു പിടിക്കുന്നു. മഴയ്ക്കൊപ്പം പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. ചങ്ങനാശേരി നഗരസഭയിൽ നാല് പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നഗരസഭയുടെ 13,14 വാർഡുകളിലാണ് രോഗികളുള്ളത്. കഴിഞ്ഞ ദിവസം നഗരസഭ ജീവനക്കാരിയ്ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ മറ്റ് മൂന്ന് ജീവനക്കാർക്കും ഡെങ്കിപ്പനി ബാധിച്ചതായി നഗരസഭ ജീവനക്കാർ പറഞ്ഞു. ഫോഗിംഗും, ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ വാർഡുകളിൽ മാലിന്യം നീക്കം ചെയ്യുന്ന ജോലികളും ആരംഭിച്ചു. വാർഡുകളിൽ ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.