പാലാ : കെ.രാധാകൃഷ്ണൻ മന്ത്രി ആയപ്പോൾ കൊഴുവനാൽ പഞ്ചായത്ത് എട്ടാം വാർഡിലെ അടുത്ത ബന്ധുവീടായ മാവുങ്കാൽ വീട്ടിലും ആഘോഷം. സാധാരണ ആഘോഷ രീതികളിൽ നിന്ന് വ്യത്യസ്തമായി കൊഴുവനാൽ പഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് 50 കിലോ അരിയും തേങ്ങകളും വാങ്ങി പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജിന് കൈമാറിയാണ് മാവുങ്കാൽ വീട്ടിൽ കെ.ഷിബു സന്തോഷം പ്രകടിപ്പിച്ചത്. ഷിബുവിന്റെ വല്യമ്മയുടെ മകനാണ് മന്ത്രി രാധാകൃഷ്ണൻ. കൊഴുവനാൽ പഞ്ചായത്ത് എട്ടാം വാർഡ് സി.ഡി.എസ് പ്രതിനിധിയും കമ്മ്യൂണിറ്റി കിച്ചണിലെ സജീവ സാന്നിദ്ധ്യവുമായ അമ്പിളിയാണ് ഷിബുവിന്റെ ഭാര്യ. 'രാധേട്ടൻ മന്ത്രിയാവുന്നതിലെ ഞങ്ങളുടെ സന്തോഷം പാവങ്ങൾക്ക് ഭക്ഷണം നൽകിക്കൊണ്ട് ആവട്ടെ എന്ന് തീരുമാനിച്ചെന്ന് ഇരുവരും പറഞ്ഞു.