കാഞ്ഞിരപ്പള്ളി : നിയോജക മണ്ഡലം നിലവിൽ വന്നതിൽപ്പിന്നെ ആദ്യമായിട്ടാണ് ഒരു കാബിനറ്റ് പദവി ലഭിക്കുന്നത്. ആ ഭാഗ്യം ലഭിച്ചതാകട്ടെ ഡോ.എൻ.ജയരാജിനും. പഴയ വാഴൂർ മണ്ഡലത്തിൽ കെ.നാരായണകുറുപ്പ് എം.എൽ.എ ആയിരുന്ന വേളയിൽ കാബിനറ്റ് പദവി ലഭിച്ചിരുന്നു.
അദ്ദേഹത്തിന്റെ മകനാണ് ചീഫ് വിപ്പായ ജയരാജ്. എന്നാൽ കാഞ്ഞിരപ്പള്ളിയ്ക്ക് കാബിനറ്റ് പദവി ലഭിക്കുമ്പോൾ
നിരവധി വിഷയങ്ങൾക്കാണ് പരിഹാരം കണ്ടെത്താനുള്ളത്. ഒന്നാമത്തേതാണ് കാഞ്ഞിരപ്പള്ളി നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും കുടിവെള്ള പ്രശ്നം. കുടിവെള്ള പദ്ധതികൾ നിരവധിയുണ്ടെങ്കിലും നാട്ടുകാർക്ക് പ്രയോജനമൊന്നുമില്ല. രണ്ടാമത്തേത് ഗതാഗതക്കുരുക്കാണ്. ബൈപ്പാസ് വന്നാൽ കുരുക്ക് കുറയുമെന്ന് പറയുമെങ്കിലും ഇടുങ്ങിയ ബസ് സ്റ്റാൻഡും, റോഡുകളുമാണ് മുഖ്യപ്രശ്നം. പുതിയ സ്റ്റാൻഡെന്ന ആശയം ഉണ്ടെങ്കിലും സ്ഥലലഭ്യതയാണ് വെല്ലുവിളി. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരും, ദൂരയാത്രക്കാരും വഴിയരികിൽ വാഹനം പാർക്ക് ചെയ്തിട്ടാണ് പോകുന്നത്. ഇതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞതിൽപ്പിന്നെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർസ്റ്റേഷന് സ്വന്തമായി ഒരു സ്ഥലവും കെട്ടിടവും എന്ന ആവശ്യവും സജീവമാണ്.