പാലാ : ഇത് റോഡാണോ, വെള്ളം വറ്റിയ കൈത്തോടാണോ? മരങ്ങാട്ടുപിള്ളി പഞ്ചായത്ത് അഞ്ചാം വാർഡിലെ ഇരുമുഖം - പാലക്കാട്ടുമല റോഡ് കണ്ടാൽ ഇതല്ല, ഇതിനപ്പുറവും തോന്നാം. അത്രയ്ക്കുണ്ട് റോഡിന്റെ തകർച്ച.
തകർന്ന് തരിപ്പണമായ റോഡിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യമായി. നിരവധി കുടുംബങ്ങളുടെ ഏക മാർഗമാണ് ഈ റോഡി. ആണ്ടൂർ - കുടക്കച്ചിറ റോഡിനെയും, പാലായ്ക്കാട്ടുമല - ആണ്ടൂർ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന് ഒന്നര കിലോമീറ്ററാണ് ദൗർഘ്യം. വാഹനങ്ങൾ കടന്നു പോകുന്നത് ദുഷ്‌ക്കരമായതിനാൽ ആശുപത്രി യാത്ര പോലും ദുരിതത്തിലായിരിക്കുകയാണ്. ഈ കൊവിഡ് കാലത്തെങ്കിലും റോഡൊന്ന് നന്നാക്കി നന്നാൽ ഉപകാരമായേനെയെന്നാണ് നാട്ടുകാർ പറയുന്നത്. വരുന്ന കാലവർഷത്തിലെ മഴവെള്ളപ്പാച്ചിൽ കൂടിയാകുമ്പോൾ റോഡിന്റെ തകർച്ച പൂർണമാകും. ഏതാനും മെറ്റിൽ കഷ്ണങ്ങൾ മാത്രമാണ് ഇപ്പോൾ കാണാനുള്ളത്.
റോഡിന്റെ ദുരവസ്ഥ അടിന്തരമായി പരിഹരിക്കുവാൻ അധികാരികൾ തയ്യാറകണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
ജോയി കളരിക്കൽ, പാലാ പൗരാവകാശസമിതി പ്രസിഡന്റ്