കുമരകം : കറവപ്പശുവിന്റെ ദിവസങ്ങൾ പഴക്കമുള്ള ജ‌ഡം കുമരകം കോട്ടത്തോട്ടിൽ ഒഴുകിയെത്തി. രണ്ടാം കലുങ്ക് ഭാഗത്തു നിന്നാണ് ജഡം കണ്ടെത്തിയത്. കുമരകത്ത് സാംക്രമിക രോഗഭീതി നിലനില്ക്കുന്ന സാഹചര്യത്തിൽ ജലമലിനീകരണത്തിനും ജലജന്യ രോഗങ്ങൾക്കും ഇത് ഇടയാക്കുമെന്ന ആശങ്കയിലാണ് ജനം. വെള്ളപ്പൊക്കത്തെ തുടർന്ന് പാടത്തിന്റെ പുറംബണ്ടിലോ ഉയർന്ന ഏതെങ്കിലും പ്രദേശത്തോ ബന്ധിച്ചിരുന്ന പശു അപകടത്തിൽ പെട്ടതാകാമെന്നാണ് നിഗമനം. ആരോഗ്യ വകുപ്പും പഞ്ചായത്തും ഇടപെട്ട് ജഡം ചീഞ്ഞളിഞ്ഞ് ജലത്തിൽ കലരാൻ ഇടയാക്കാതെ മറവ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.