മുണ്ടക്കയം: മണിമലയാറ്റിലും സമീപത്തെ കൈതോടുകളിലും അനധികൃത മീൻപിടുത്തം വ്യാപകമാകുന്നു. മത്സ്യങ്ങളുടെ പ്രജനനകാലമായതിനാൽ രാസവസ്തുക്കൾ കലക്കിയും വൈദ്യുതി ഉപയോഗിച്ചും മീൻപിടിക്കുന്നത് മത്സ്യസമ്പത്തിന് വലിയ ഭീഷണിയായി മാറുകയാണ്. ലോക്ക് ഡൗൺ കാലത്താണ് അനധികൃത മീൻപിടുത്തം വ്യാപകമായതെന്നും പ്രദേശവാസികൾ പറയുന്നു. കാലവർഷത്തിന് മുൻപേ വേനൽമഴ എത്തിയതോടെ ചൂണ്ടയിട്ട് മീൻപിടിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. മുണ്ടക്കയം ബൈപ്പാസ് റോഡിന് സമീപവും മണിമലയാറിന്റെ കയങ്ങളിലുമാണ് വിനോദത്തിനും അല്ലാതെയും ചൂണ്ടയിടീൽ വ്യാപകമായിരുന്നത്. ജൂൺ ആദ്യവാരം ആരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ സമയത്താണ് മീനുകളുടെ പ്രജനനകാലം. എന്നാൽ വേനൽമഴയിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മീനുകൾ കൂട്ടമായി മുട്ടയിടുന്നതിന് മണിമലയാറിന്റെ കൈത്തോടുകളിലേക്ക് ഉൾപ്പെടെ എത്തിത്തുടങ്ങിയിട്ടുണ്ട്. നഞ്ച്,തുരിശ്,അമോണിയ തുടങ്ങിയവയാണ് മീൻപിടിക്കാനായി വെള്ളത്തിൽ കലർത്തുന്നത്.

ചത്തുപൊങ്ങും

അമോണിയ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർത്തുന്നതോടെ ഇവ ഒഴുകിയെത്തുന്ന പ്രദേശത്തെ ചെറുതും വലുതുമായ മുഴുവൻ മത്സ്യങ്ങളും ചത്തുപൊങ്ങും. ഇത് ജലം മലിനമാകാനും കാരണമാകുന്നു.ചെറിയ തോടുകളിൽ ബാറ്ററിയിൽ നിന്നും വൈദ്യുതി പ്രവഹിപ്പിച്ചും മീൻ പിടിക്കുന്നവരുണ്ട്. അനധികൃത മീൻപിടുത്തത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.