mp

കോട്ടയം : പാതയിരട്ടിപ്പിക്കല്‍ ഉള്‍പ്പടെയുള്ള റെയില്‍വെ വികസനം 2021 ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി തോമസ് ചാഴികാടന്‍ എം.പി അറിയിച്ചു. കോട്ടയം റെയില്‍വെ സ്റ്റേഷന്‍, റെയില്‍വെ മേല്‍പ്പാലങ്ങള്‍ എന്നിവയുടെ നില്‍മ്മാണ പുരോഗതി എം.പി വിലയിരുത്തി. റെയില്‍വെ സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടു. നിര്‍മ്മാണം പുരോഗമിക്കുന്ന മുട്ടമ്പലം റെയില്‍വെ മേല്‍പ്പാലത്തിന് സമീപപ്രദേശത്തുള്ളവര്‍ നിലവില്‍ ഉപയോഗിച്ചുവരുന്ന പഴയ മേല്‍പ്പാലത്തിന്‍റെ സമീപനപാതയുടെ മണ്ണ് മഴയില്‍ ഒലിച്ചുപോയിരുന്നു. മണ്ണിടിച്ചില്‍ മൂലം ഉണ്ടായ തടസം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണം പുരോഗമിക്കുന്ന പൂവന്തുരുത്ത് റെയില്‍വെ മേല്‍പ്പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചില്‍ മൂലം ഭീഷണി നിലനില്‍ക്കുന്ന ഭാഗവും എം. പി. സന്ദര്‍ശിച്ചു. നാഗമ്പടം റെയില്‍വെ മേല്‍പ്പാലത്തിന്‍റെ സമീപന പാത താഴുന്നതു മൂലം സുഗമമായ ഗതാഗതത്തിന് തടസമുണ്ടാകുന്നു. ചെറുവാഹനങ്ങള്‍ക്ക് നിരന്തരമായി അപകടം സംഭവിക്കുന്നു. അടിയന്തര പ്രാധാന്യം നല്‍കി നാഗമ്പടം റെയില്‍വെ മേല്‍പ്പാലത്തിന്‍റെ സമീപന പാതകള്‍ ഉയര്‍ത്താനുള്ള ജോലികള്‍ ചെയ്തുതീര്‍ക്കണമെന്നും എം. പി നിര്‍ദ്ദേശിച്ചു. റെയില്‍വെ ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ ചാക്കോ ജോര്‍ജ്, അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍മാരായ ബാബു സഖറിയ, ജോസ് അഗസ്റ്റിന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ജോസ് പള്ളിക്കുന്നേല്‍, സരസമ്മാള്‍, എബി കുന്നേപ്പറമ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം വിജി എം. തോമസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.