road
ചിത്രം: നിര്‍മ്മാണം നടത്തേണ്ടുന്ന റോഡ്

മൂന്നാർ: 2018ലെ മഹാപ്രളയത്തിൽ തകർന്ന മൂന്നാർ സൈലന്റ്വാലി റോഡിന്റെ ഭാഗം പുനർനിർമ്മിക്കാൻ ഇനിയും നടപടിയില്ല. വീണ്ടും മറ്റൊരു മഴക്കാലത്തിന് കളമൊരുങ്ങിയതോടെ സാഹസപ്പെട്ടാണ് കുടുംബങ്ങൾ ഇതുവഴി യാത്ര ചെയ്യുന്നത്. മഹാപ്രളയ കാലത്തായിരുന്നു മണ്ണിടിച്ചിലിൽ റോഡിന്റെ ഭാഗമായുള്ള 300 മീറ്ററോളം വരുന്ന ഭാഗം തകർന്നത്. ഒപ്പം തകർന്ന പല റോഡുകളുടെയും നിർമ്മാണം പൂർത്തീകരിച്ചെങ്കിലും സൈലന്റ് വാലി റോഡിലെ ഈ ഭാഗത്തെ പുനർനിർമ്മാണം ഇനിയും വൈകുകയാണ്. പുനർനിർമ്മാണത്തിനായി ഇടപെടൽ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ ആവർത്തിക്കുമ്പോഴും അതെന്നാണെന്നുള്ള കാര്യത്തിൽ കുടുംബങ്ങൾക്കിനിയും വ്യക്തതയില്ല. സൈലന്റ്‌വാലി, ഗൂഡാർവിള, നെറ്റിക്കുടി തുടങ്ങിയ മേഖലകളിലെ കുടുംബങ്ങളൊക്കെയും മൂന്നാറിലേക്ക് എത്താൻ ആശ്രയിക്കുന്നത് നിർമ്മാണം കാത്ത് കിടക്കുന്ന ഈ പാതയെയാണ്. ചികിത്സാ സംബന്ധമായ കാര്യങ്ങൾക്കുൾപ്പെടെ മൂന്നാറിലേക്കെത്താൻ കുടുംബങ്ങൾക്കിതുവഴി സാഹസിക യാത്ര നടത്തണം. പ്രശ്‌നപരിഹാരത്തിന് പ്രഖ്യാപനത്തിനപ്പുറം നടപടിയുണ്ടാകണമെന്ന ആവശ്യം നാട്ടുകാർ മുമ്പോട്ട് വയ്ക്കുന്നു.