വൈക്കം : കയർ തൊഴിലാളികളെ അടിയന്തരമായി സഹായിക്കണമെന്ന് കയർ തൊഴിലാളി ഫെഡറഷൻ (ഐഎൻടിയുസി) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കണമെന്ന ആവശ്യം നിലനിൽക്കുമ്പോൾ തന്നെ, ലോകഡൗണിൽ കയർ ഫെഡറഷൻ കയർ സംഭരിക്കാത്തതുമൂലം സംഘങ്ങളിലും തൊഴിലാളി കളുടെ വീടുകളിലും സ്റ്റോക്കിരിക്കുന്ന കയർ കൊടുക്കുന്നതിനോ, പണം ലഭിക്കുന്നതിനോ കഴിയുന്നില്ല.കയർതൊഴിലാളികളുടെ കൂലി മാസങ്ങളായി കുടിശികയാണ്. ക്ഷേമനിധിയിൽ നിന്ന് സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ലഭിച്ചിട്ടില്ല.
സർക്കാർ ഇടപെട്ട് തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സൗപർണിക കയർ സഹകരണ സംഘം പ്രസിഡന്റ് രാജമ്മഗോപിയുടെ നിര്യാണത്തിൽ യോഗം അനുശോശിച്ചു. പ്രസിഡന്റ് യു.ബേബിയുടെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. മോഹൻ ഡി ബാബു, ആർ. ചന്ദ്രസേനൻ, പി.ആർ.രത്‌നപ്പൻ, ജഗത അപ്പുക്കുട്ടൻ, ലേഖ സത്യൻ, പദ്മജ മധുസൂദനൻ, സേവിയർ ചിറ്ററ തുടങ്ങിയവർ സംസാരിച്ചു.