കട്ടപ്പന: പള്ളിക്കവല- ഇടുക്കിക്കവല ബൈപാസ് റോഡരികിലെ വെള്ളക്കെട്ടിന് പരിഹാരം. നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് വെള്ളം ഒഴുക്കിക്കളഞ്ഞത്. കഴിഞ്ഞദിവസങ്ങളിലെ മഴയ്ക്ക് ശേഷം ഹൗസിംഗ് ബോർഡിന്റെ 30 സെന്റ് സ്ഥലത്താണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. വർഷങ്ങളായി നഗരത്തിലെ വെള്ളം ഒഴുകിയെത്തുന്നതും ഇവിടേയ്ക്കാണ്. പ്രദേശത്ത് വൈകുന്നേരങ്ങളിൽ കൊതുകുശല്യവും രൂക്ഷമായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് നഗരസഭ ഇടപെട്ട് പ്രദേശത്തെ കാടുകൾ വെട്ടിത്തെളിച്ചിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ ഹൗസിംഗ് ബോർഡ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ നഗരസഭ കൗൺസിലർ സോണിയ ജയ്ബി ഇടപെട്ട് ഇന്നലെ ജെ.സി.ബി എത്തിച്ച് മണ്ണുനീക്കി വെള്ളക്കെട്ട് ഒഴിവാക്കുകയായിരുന്നു. സ്ഥലത്ത് കാടുവളർന്നു നിൽക്കുന്നതിനാൽ മാലിന്യം തള്ളൽ രൂക്ഷമാണ്. മാലിന്യം ഒഴുകിയെത്തി കലുങ്ക് അടഞ്ഞുപോയതോടെയാണ് വെള്ളക്കെട്ട് ഉണ്ടായത്. ശുചീകരണത്തിന് സോണിയ ജയ്ബി, ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി. ജോൺ എന്നിവർ നേതൃത്വം നൽകി.