മരങ്ങൾ കടപുഴകി, വീട് ഭാഗികമായി തകർന്നു
വൈദ്യുതി പോസ്റ്റുകളും കമ്പികളും പൊട്ടിവീണു
കോട്ടയം: കാലവർഷം എത്തുംമുമ്പേ കോട്ടയത്ത് കനത്ത മഴയും കാറ്റും. രാത്രി 9.30ഓടെ ആഞ്ഞുവീശിയ കാറ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു.
ഇന്ന് പുലർച്ചെ തിരുവാതുക്കൾ അമ്പലത്തിനു സമീപം നിന്നിരുന്ന ആൽമരം മറിഞ്ഞുവീണു. ആൽമരം വീണതോടെ സമീപത്തുനിന്ന തേക്കും, മാവും മറിഞ്ഞുവീണു. ഒരു വീടിന് മുകളിലേക്കാണ് മരങ്ങളുടെ ചില്ലകൾ പതിച്ചത്. വീട് ഭാഗികമായി തകർന്നു.
കെ. എസ്.ഇ.ബി സെൻട്രൽ ജംഗ്ഷൻ പരിധിയിൽ വയസ്കര, എരുത്തിക്കൽ, മുഞ്ഞനാട് ഭാഗങ്ങളിലും മൗണ്ട് കാർമൽ, കഞ്ഞിക്കുഴി, വടവാതൂർ ഭാഗങ്ങളിലും വൈദ്യുതക്കമ്പിയിൽ മരം വീണത്. ഇവിടെ വൈദ്യുതി മുടങ്ങി. വയസ്കരയിൽ അഗ്നിരക്ഷാ സേന ഓഫീസിന് മുൻപിൽ പതിനൊന്ന് കെ.വി ലൈനിലേക്കാണ് മരം വീണത്. മൗണ്ട് കാർമൽ സ്കൂൾ വളപ്പിൽ മരം വീണ് സ്കൂൾ മതിലിന് നാശമുണ്ടായി.
വൈദ്യുത തൂൺ ഒടിഞ്ഞു. കോൺവെന്റ് കെട്ടിടത്തിന്റെ ഓടുകൾ കാറ്റത്ത് പറന്നു പോയി. ഫയർഫോഴ്സ് എത്തിയാണ് വിവിധ സ്ഥലങ്ങളിൽ മരങ്ങൾ വെട്ടിമാറ്റിയത്. പല ഭാഗങ്ങളും വൈദ്യുതിബന്ധം വിച്ഛേദിച്ചുകിടക്കുകയാണ്. വൈദ്യുതി വകുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചുകൊണ്ടിരിക്കയാണ്.
ഇന്നലെ സന്ധ്യയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയാണ് രാത്രിയിൽ പെയ്തത്. രാവിലെയായതോടെ മഴയുടെ ശക്തി അല്പം കുറഞ്ഞെങ്കിലും പത്തുമണിയോടെ വീണ്ടും ശക്തിപ്രാപിച്ചു.