കോട്ടയം: ഒരു ദശാബ്ദത്തിനിടെ ഏറ്റവും കൂടുതൽ മഴ കിട്ടിയ വേനൽക്കാലമാണ് കേരളത്തിൽ കഴിഞ്ഞു പോകുന്നത്. തുള്ളിക്കൊരു കുടം എന്ന പോലെ പെയ്യാനായി കാലവർഷവും തയ്യാറെടുക്കുകയുമാണ്. ഇതോടെ, സംസ്ഥാനത്ത് മികച്ച തോതിൽ മഴ ലഭിക്കും. വേനൽ ആരംഭിച്ച മാർച്ച് മുതൽ മേയ് വരെ 131 ശതമാനത്തിലേറെ മഴയാണ് ലഭിച്ചത്. ശരാശരിയെക്കാൾ 48 ശതമാനത്തോളം അധികമാണിത്. കഴിഞ്ഞ വർഷം 7 ശതമാനം അധികവും 2019 ൽ 57 ശതമാനം കുറവും മഴയാണ് ലഭിച്ചത്. കിഴക്കൻ കാറ്റിന്റെ ശക്തി വർദ്ധിച്ചതും ഈർപ്പമുള്ള വായു പ്രവാഹം കൂടിയതും സമുദ്രോപരിതലം തണുപ്പിക്കുന്ന പ്രതിഭാസമായ ലാനിന സജീവമാകാതിരുന്നതുമാണ് വേനൽമഴ കൂടുതലായി ലഭിക്കാൻ കാരണമായത്. കേരളതീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി കടന്നു പോകുന്നതും ബംഗാൾ തീരത്തുണ്ടായ ന്യൂനമർദ്ദവും അളവിൽ കൂടുതൽ മഴ ലഭിക്കാൻ ഇടയാക്കി. 30ന് കാലവർഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നത്.
ഔദ്യോഗിക കണക്കിൽ വേനൽമഴക്കാലം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കോട്ടയം ജില്ലയിൽ ലഭിച്ചത് 156 ശതമാനം അധികം മഴയാണ്. സമീപകാലത്ത് ഇത്രയും ഉയർന്ന അളവിൽ വേനൽ മഴ പെയ്യുന്നത് ഇതാദ്യമാണെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ 335.4 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 859.2 മില്ലിമീറ്റർ. കണ്ണൂർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾ കഴിഞ്ഞാൽ വേനൽ മഴ കൂടുതൽ പെയ്തതും കോട്ടയത്താണ്. ടൗക്‌തെ ചുഴലിക്കാറ്റിനൊപ്പം എത്തിയ ന്യൂനമർദ്ദമാണ് ഇത്തവണ വേനൽമഴക്കാലത്തെ സമ്പന്നമാക്കിയത്.
ജനുവരി ആദ്യ ആഴ്ചകളിൽ പെയ്ത മഴ ജില്ലയുടെ വേനൽക്കാല ആഘാതം കുറച്ചുവെങ്കിൽ ടൗക് തേയുടെ പ്രഭാവത്തെ തുടർന്നുണ്ടായ മഴ ജില്ലയിൽ വെള്ളം നിറച്ചു. വേനൽ മഴ വർദ്ധിച്ചതിനെത്തുടർന്ന് സമീപകാല ചരിത്രത്തിൽ ആദ്യമായി മേയ് മാസത്തിലെ വെള്ളപ്പൊക്കത്തിനും ജില്ല സാക്ഷ്യം വഹിച്ചു. കഴിഞ്ഞ വർഷം വേനൽ മഴയിൽ 50 ശതമാനം വർദ്ധന രേഖപ്പെടുത്തിയിരുന്നു. പിന്നാലെ വന്ന കാലവർഷം 24 ശതമാനം അധികം പെയ്തപ്പോൾ തുലാവർഷത്തിൽ 15 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു.
തുലാവർഷക്കുറവിന്റെ ചുവട് പിടിച്ച് വേനൽക്കാലം ശക്തമാകുമെന്ന് കരുതി സാഹചര്യത്തിൽ ന്യൂനമർദ്ദ ഫലമായി ജനുവരി ആദ്യം മഴ ശക്തമായത്. ഇതേത്തുടർന്ന് ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ ജില്ലയിൽ 116 ശതമാനം അധികം മഴ പെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മഴയുടെ അളവിൽ 90 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു.
17 ഡാമുകൾ തുറന്നു
മഴക്കാലത്തിന് മുമ്പേ നിറയാൻ തുടങ്ങിയതോടെ 17 ഡാമുകൾ തുറന്നുവിട്ടു. വൻകിട അണക്കെട്ടുകളിൽ രണ്ടിടത്ത് റെഡ് അലർട്ടും ഒരിടത്ത് ഓറഞ്ച് അലർട്ടും. ഇറിഗേഷൻ വകുപ്പിന്റെ 20 ഒാളം വൻകിട സംഭരണികളും മഴക്കാലത്തിന് മുമ്പേ നിറഞ്ഞ സ്ഥിതിയിലാണ്. ഇതിൽ 17 അണക്കെട്ടുകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ച് ഷട്ടറുകൾ ഉയർത്തി ജലം തുറന്നുവിടുകയായിരുന്നു. ജലനിരപ്പ് പെട്ടെന്ന് ഉയർന്ന് താഴ്ന്ന പ്രദേശങ്ങളിൽ പ്രളയം ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്.
തുറന്ന പ്രധാന ഡാമുകൾ
തിരുവനന്തപുരം നെയ്യാർ, ഇടുക്കി മലങ്കര, പാലക്കാട് ശിരുവാണി, കൊല്ലം കല്ലട, തൃശൂർ ചിമ്മിണി, പീച്ചി, പത്തനംതിട്ട മണിയാർ, എറണാകുളം ഭൂതത്താൻകെട്ട്, കണ്ണൂർ പഴശ്ശി.