മുണ്ടക്കയം: രണ്ട് ദിവസം തുടർച്ചയായി പെയ്ത മഴയിൽ മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നു. മണിമലയാർ അഴുതാ,പുല്ലകയ്യാർ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്നതോടെ പരിസരപ്രദേശങ്ങളിലെ കുടുംബങ്ങൾ ഭീതിയിലാണ്. മണിമലയാറിന്റെ തീരത്തു താമസിക്കുന്ന മുറികല്ലുംപുറം വെള്ളനാടി ഭാഗത്തെ 54 വീടുകളിൽ ഏത് നിമിഷവും വെള്ളംകയറും എന്നതാണ് അവസ്ഥ. അതേസമയം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. അടിയന്തിരയോഗം വിളിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന് എം.എൽ.എ നിർദ്ദേശം നൽകി. വീടുകളിൽ വെള്ളം കയറിയാൽ പ്രദേശവാസികളെ മാറ്റിപാർപ്പിക്കാൻ പൊലീസും തഹസിൽദാരും ഇടപെട്ട് മുണ്ടക്കയം സി.എം.എസ് ഹൈസ്കൂളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, പഞ്ചായത്ത് പ്രസിഡന്റ് രേഖദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ,വാർഡ് മെമ്പർ ഷീല ഡൊമനിക്, തഹസീൽദാർ എന്നിവരും പ്രദേശം സന്ദർശിച്ചു.