₹മൂന്ന് കൗൺസിലർമാർക്ക് പരിക്ക്
ഈരാറ്റുപേട്ട: റോഡിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിൽ ഹാളിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ മൂന്ന് പേർക്ക് പരിക്ക്. ഇതിനിടെ പ്രൊജക്ടറും മൈക്കും തകർന്നു. പരിക്കേറ്റ യു.ഡി.എഫിലെ അൻസർ പുള്ളോലിൽ, റിയാസ് പ്ലാമൂട്ടിൽ എൽ.ഡി.എഫിലെ സജീർ ഇസ്മായിൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ഭരണപക്ഷ കൗൺസിലർമാരുടെ വാർഡുകളിലെ കൊട്ടുകാപ്പള്ളി, കാരക്കാട് , ഇടകളമറ്റം റോഡുകൾക്ക് കുടുതൽ ഫണ്ട് അനുവദിച്ചതിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ രംഗത്തെത്തിയതാണ് പ്രശ്നമായത്. പ്രതിഷേധത്തിനിടെ നഗരസഭാ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതായി ചെയർപേഴ്‌സൺ സുഹുറ അബ്ദുൽ ഖാദർ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ചെയർപേഴ്‌സന്റെ ഡയസിൽ കയറി. പ്രതിരോധവുമായി ഭരണപക്ഷവും രംഗത്തെത്തി. മുദ്രാവാക്യം വിളിക്കിടെയുണ്ടായ ഉന്തിലും തള്ളിലുമാണ് കൗൺസിലർമാർക്ക് പരിക്കേറ്റത്. ഇതിനിടെ പ്രൊജക്ടർ സ്‌ക്രീൻ കീറുകയും ചെയർപേഴ്‌സന്റെ മൈക്ക് ചവിട്ടി നശിപ്പിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പൊതുമുതൽ നശിപ്പിച്ചതിനും ചെയർപേഴ്‌സനെ ആക്രമിക്കാൻ ശ്രമിച്ചതിനും എൽ.ഡി.എഫ് കൗൺസിലർമാർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.