കുമരകം: പരിക്ക് പറ്റിയ നിലയിൽ കണ്ടെത്തിയ പക്ഷിക്ക് രക്ഷകരായി ദമ്പതികൾ. വംശനാശഭീഷണി നേരിടുന്ന പാതിരാ കൊക്കിനെയാണ് പരിക്കുകളോടെ കുമരകം മറ്റിത്തറ കമ്പിയിൽ നിബീഷും ഭാര്യ സോളി വീടിന് സമീപത്ത് നിന്നും കണ്ടെത്തിയത്. കാല് ഒടിഞ്ഞ അവസ്ഥയിൽ നടക്കാനും പറക്കാനും കഴിയാത്ത പക്ഷിയെ നിബീഷ് വീട്ടിലെത്തിച്ച് സംരക്ഷണം നൽകുകയായിരുന്നു. ഇരുവരും ചേർന്ന് പ്രാഥമിക ശുശ്രൂഷയും ആഹാരവും നൽകി പക്ഷിയെ പരിപാലിച്ചു. പക്ഷി ഇണങ്ങുകയും ചെയ്തു. വീട്ടിലും പ്രദേശത്തും വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ മൃഗാശുപത്രിയിൽ എത്തിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. പക്ഷിയെ കിട്ടിയ വിവരം നിബീഷ് ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചിട്ടുണ്ട്. എൺപതുകളിൽ കേരളത്തിൽ കുമരകത്ത് മാത്രം കണ്ട് വന്നിരുന്ന പാതിരാ കൊക്കുകകൾ പിന്നീട് വംശനാശ ഭീക്ഷണി നേരിടുകയായിരുന്നെന്ന് പക്ഷിശാസ്ത്രജ്ഞനായ ഡോ. ശ്രീകുമാർ പറഞ്ഞു. കുമരകം കൊക്ക് എന്നും ഇവ അറിയപ്പെടുന്നുണ്ട്.