കട്ടപ്പന: മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനം കർഷകർക്ക് ആശ്വാസകരമാകും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങുമെന്നാണ് വിവരം. ചൊവ്വാഴ്ച കടകൾ തുറന്നെങ്കിലും വിൽപ്പന കാര്യമായി നടന്നില്ല. ആഴ്ചയിൽ രണ്ട് ദിവസം തുറന്നുപ്രവർത്തിക്കാമെന്നാണ് തീരുമാനം. ഉത്തരവ് പുറത്തിറങ്ങുന്നതോടെ കർഷകർ എത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. മലഞ്ചരക്ക് കടകൾക്ക് ഇളവ് നൽകാനുള്ള ഉത്തരവ് ഏലം കർഷകർക്ക് ആശ്വാസകരമാണ്. വില കുത്തനെ ഇടിഞ്ഞെങ്കിലും രണ്ട് സീസണുകളിലായി സംഭരിച്ചിരുന്ന ഏലയ്ക്ക വിറ്റഴിക്കാനാകും. രണ്ടര വർഷങ്ങൾക്ക് ശേഷം വില ആയിരത്തിൽ താഴെയെത്തിയിരുന്നു. സ്‌പൈസസ് ബോർഡിന്റെ ഇ- ലേലത്തിലും ശരാശരി വില മൂന്നക്കത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. 800 മുതൽ 950 രൂപയ്ക്കാണ് ഒരുമാസം മുമ്പ് വിൽപ്പന നടന്നത്. കർഷകർ സംഭരിച്ചിരുന്ന ഏലയ്ക്ക വിറ്റഴിക്കാനുള്ള നെട്ടോട്ടത്തിനിടെയാണ് ലോക്ക് ഡൗൺ നിലവിൽ വന്നത്. ഇപ്പോൾ 900 മുതൽ 1100 രൂപ വരെ വിലയുണ്ട്. കൊവിഡ് വ്യാപനത്തിൽ ആഭ്യന്തര വിപണികൾ സ്തംഭിച്ച് കയറ്റുമതി നിലച്ചതോടെയാണ് ഏലയ്ക്ക വില കുത്തനെ കുറഞ്ഞത്. ഓഫ് സീസണിലെ വിലക്കയറ്റം പ്രതീക്ഷിച്ച് പരമാവധി ഉത്പന്നം സംഭരിച്ചിരുന്ന കർഷകർക്ക് ഇതോടെ പ്രതിസന്ധിയിലായി. അടച്ചുപൂട്ടൽ നിലവിൽ വന്നതോടെ 19 ദിവസമായി സ്‌പൈസസ് ബോർഡിന്റെ ഇ- ലേലം മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഏഴിന് അവസാനമായി നടന്ന ലേലങ്ങളിൽ ശരാശരി വില 1000 രൂപയാണ്.