കട്ടപ്പന: കൊവിഡ് ബാധിതർ വർദ്ധിച്ചതോടെ ഉപ്പുതറ പഞ്ചായത്തിൽ ഡൊമിസിലറി കെയർ സെന്ററുകൾ ആരംഭിക്കും. ഇന്നലെ നടന്ന സർവകക്ഷി യോഗത്തിലാണ് 100 കിടക്കകളുള്ള ഡി.സി.സികൾ തുറക്കാൻ തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ.ജെ. അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിനു കീഴിലുള്ള ഹോമിയോ, ആയുർവേദ ആശുപത്രികളിലെ മെഡിക്കൽ ആഫീസർമാരുടെ സേവനം ഇവിടെ ലഭ്യമാക്കും. ഉപ്പുതറ സി.എച്ച്.സിയിലേക്കും ഡി.സി.സികളിലേക്കും താത്കാലിക അടിസ്ഥാനത്തിൽ നാല് നഴ്‌സുമാരെ നിയമിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മയും യോഗത്തിൽ ചർച്ചയായി. വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്ന റാപ്പിഡ് റസ്‌പോൺസ് ടീം അംഗങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ തിരിച്ചുവാങ്ങാനും തീരുമാനിച്ചു.