കട്ടപ്പന: ഇരുപതേക്കർ- തൊവരയാർ റോഡിന് ഒടുവിൽ ശാപമോക്ഷം. റോഡിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചതായി വാർഡ് കൗൺസിലർ ലീലാമ്മ ബേബി അറിയിച്ചു. ലോക്ക് ഡൗ ണിന് ശേഷം നവീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്. റോഡ് സഞ്ചാരയോഗ്യമാകുന്നതോടെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തുന്നവർക്കും ആശ്വാസമാകും. ഇരുപതേക്കർ മുതൽ തൊവരായർ വരെയുള്ള ഭാഗത്ത് ടാറിംഗ് തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നതിനാൽ വാഹന ഗതാഗതം ദുഷ്‌കരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്‌തതോടെ വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുകയാണ്. താലൂക്ക് ആശുപത്രിയുടെ മുൻവശത്ത് റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. റോഡിന് വീതി കുറവായതിനാൽ പകൽസമയങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.