കട്ടപ്പന: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മുങ്ങി. ഇവരെ കണ്ടെത്താൻ വണ്ടൻമേട് പൊലീസ് തിരച്ചിൽ ആരംഭിച്ചു. പുളിയൻമല ഹേമക്കടവിലുള്ള ഏലത്തോട്ടത്തിലെ ഒമ്പത് അന്യ സംസ്ഥാന തൊഴിലാളികൾക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തോട്ടമുടമയുടെ ഉത്തരവാദിത്വത്തിൽ ഇവരെ ഒരു വീടിനുള്ളിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇവരിൽ രണ്ട് പേരാണ് ചൊവ്വാഴ്ച വൈകിട്ടോടെ മുങ്ങിയത്. ഇവർ ജോലി അന്വേഷിച്ച് മറ്റിടങ്ങളിൽ എത്താൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് പൊലീസ് അറിയിച്ചു.