ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ആനപ്പള്ളയെന്നറിയപ്പെടുന്ന വലിയ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമതിലാണ് ഇടിഞ്ഞു വീണത്. ക്ഷേത്ര മതിലിന്റെ തെക്കുപടിഞ്ഞാറ് ഭാഗമാണ് തകർന്നത്. മൂന്നു വർഷംമുൻപ് മതിലിന്റെ തെക്ക്കിഴക്കു ഭാഗം തകർന്ന് വീഴുകയും പിന്നീട് പുനർനിർമ്മിക്കുകയും ചെയ്തിരുന്നു.
നൂറ്റാണ്ടുകളുടെ പഴക്കവും സിമന്റും കുമ്മായവും ഒന്നും ഉപയോഗിക്കാതെ വെട്ടുകല്ലുകൾ ചേർത്ത് ഒട്ടിച്ചതുപോലെയുള്ള അപൂർവ്വ നിർമ്മാണ ചാതുരി കൊണ്ട് പ്രശസ്തമായിട്ടുള്ള മതിൽ മുകൾഭാഗത്ത് പ്രത്യേക കവറിംഗ് നടത്തി ശാശ്വതമായി സംരക്ഷിക്കും എന്ന് പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഏകദേശം 400മീറ്റർ ചുറ്റളവുള്ള മതിൽ ഒറ്റ രാത്രി കൊണ്ട് ഭൂതത്താൻ മാർ കെട്ടിയതാണന്നും ഐതിഹ്യം പറയുന്നുണ്ട്. കൂടാതെ മഹാക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്ത് മതിലിനു വെളിയിൽ പണ്ടു കാലത്തേ ദേവസ്വം കച്ചേരി നവീകരിക്കുന്നതിനായി പാതി പൊളിച്ചിട്ടിട്ട് നാല് വർഷം കഴിഞ്ഞതായും ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ പറഞ്ഞു. അറയും പുരയും ഉള്ള കെട്ടിടത്തിൽ പണ്ടു കാലത്ത് ക്ഷേത്രത്തിന്റെ വകയായി ആയിരപ്പറ നെല്ല് ഇവിടെയാണ് നിക്ഷേപിച്ചിരുന്നത്. പൊളിച്ചിട്ടതിന്റെ ബാക്കി ഭാഗവും നിലം പൊത്താറായ സ്ഥിതിയിലാണ്. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ക്ഷേത്രം സന്ദർശിച്ചു.