കോട്ടയം: ജില്ലയിൽ മഴ തിമിർത്തുപെയ്യുന്നു. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയും ശക്തമായ മഴയാണ് പെയ്തത്. ഇന്ന് ഉച്ചയോടെ മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും ആകാശം മേഘാവൃതമാണ്. അതേസമയം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ തുടരുകയാണ്. ഇതോടെ കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. മണിമലയാറ്റിൽ മുണ്ടക്കയം ക്രോസ് വേ ഭാഗം കരകവിഞ്ഞു. മൂവാറ്റുപുഴ ആറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കണമല പഴയ ക്രോസ് വേ, അരയാഞ്ഞിലിമണ്ണ് പാലങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെ മലയോര മേഖല ഒറ്റപ്പെട്ടിരിക്കയാണ്.
എരുമേലിയിൽ പാലങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ മിക്ക ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പ്രളയ സമാനമായാണ് വെള്ളം തോടുകളിലും ആറുകളിലും ഉയരുന്നത്. അഴുത നദിയിലെ മൂക്കൻപെട്ടി പാലം വെള്ളത്തിനടിയിലാണ്. അഴുതയും പമ്പാനദിയും കൂടിച്ചേരുന്ന കണമലയിൽ പഴയ ക്രോസ് വേ മുങ്ങിയതോടെ ഗ്രാമങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ ജനജീവിതം ദുസഹമായി.
മണ്ണിടിച്ചിലിൽ മലയോര മേഖല ഭീതിയിലാണ്. മഴയോടൊപ്പം ആഞ്ഞുവീശുന്ന കാറ്റ് ജില്ലയിലൊട്ടാകെ കനത്ത നാശനഷ്ടമാണ് വരുത്തിയത്. മുണ്ടക്കയം, കൂട്ടിക്കൽ, കോരൂത്തോട് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ രാത്രിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കൂടാതെ കാറ്റിൽ വൈദ്യുതി പോസ്റ്റുകളും കമ്പികളും തകർന്നതിനാൽ വൈദ്യുതിയുമില്ല. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ അവിടെയുള്ളവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. ഈ പ്രദേശത്ത് ഉരുൾപൊട്ടൽ ഭീഷണിയുമുണ്ട്.
കുമരകം, വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മഴ ശക്തമായാൽ തങ്ങൾ എന്ത്ചെയ്യുമെന്നചിന്തയിലാണ് നാട്ടുകാർ.
കനത്ത മഴയെ തുടർന്ന് മാലം - ഒറവയ്ക്കൽ ഭാഗത്തെ പാടശേഖരങ്ങളും തോടും നിറഞ്ഞു കവിഞ്ഞു. ഒരാഴ്ച്ച മുൻപ് വെള്ളം കയറിയ പാടശേഖരങ്ങളിലെയും തോടുകളിലെയും വെള്ളം താഴ്ന്നിരുന്നു. കഴിഞ്ഞ ഒരു ദിവസത്തെ നിർത്താതെയുള്ള മഴയെ തുടർന്ന് വെള്ളം ഇറങ്ങിയ ഭാഗങ്ങൾ എല്ലാം വീണ്ടും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെ തോടുകൾ, പാടശേഖരങ്ങൾ, റോഡുകൾ എന്നിവ വെള്ളത്തിനടിയിലാണ്. തുടർച്ചയായി ഇനിയും മഴ തുടർന്നാൽ തീരപ്രദേശത്തെ വീടുകളിലേയ്ക്ക് വെള്ളം കയറും. ബന്ധുവീടുകളിലേയ്ക്കും മറ്റും മാറാനുള്ള ശ്രമത്തിലാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവർ. കൊവിഡ് വ്യാപനം മൂലം മറ്റ് വീടുകളിലേയ്ക്ക് മാറാൻ കഴിയാത്തവർ വെള്ളം ഉണ്ടെങ്കിലും ഇവിടെ തന്നെ തുടരുകയാണ് ചെയ്യുന്നത്. മറ്റ് ചിലർ വാടക വീടുകളും മറ്റും സജ്ജമാക്കിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മാലം ഒറവയ്ക്കൽ ഭാഗത്തെ വിവിധ വീടുകളുടെയും സെമിത്തേരിയുടെയും സംരക്ഷണ ഭിത്തികൾ ഇടിഞ്ഞു വീണിരുന്നു. ഈ ഭാഗത്തെ നിരവധി പേരുടെ കാർഷിക വിളകളും വെള്ളം കയറി നശിച്ചു. മഴയും കൊവിഡ് വ്യാപനവും മൂലം എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ.