കോട്ടയം: ഇടുക്കി ജില്ലയിൽ മഴ കനത്തു. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കി ഡാമിൽ ഇന്ന് രാവിലെത്തെ ജലനിരപ്പ് 2336.62 അടിയാണ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിക്കുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഇടുക്കിയിൽ 52.4 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലവിതാനം ഉയർന്നിട്ടുണ്ട്. 129.33 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇത് 112.70 അടിയായിരുന്നു.
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ വൈദ്യുതി ഉല്പാദനം ഇരട്ടിയാക്കി. മഴ കൂടുതൽ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് വൈദ്യുതി ഉല്പാദനം കൂട്ടിയത്.
ജനനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഇന്നലെ രാവിലെ എട്ടുമണിയോടെ കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷർട്ടർ തുറന്നിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടാമത്തെ ഷർട്ടറും തുറന്നു. പാംബ്ല അണക്കെട്ടിലെ ഷർട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞിരുന്നു. 300 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്.
ഇന്നലെ ഇടുക്കിയിൽ പലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. പീരുമേട് താലൂക്കിൽ 158 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഉടുമ്പൻചോലയിൽ 40.2 മി.മീറ്ററും, ദേവികുളത്ത് 83.6 മി.മീറ്ററും, തൊടുപുഴയിൽ 37.2 മി.മീറ്ററും മഴ ലഭിച്ചു.