മുണ്ടക്കയം: മുണ്ടക്കയം എരുമേലി റോഡിൽ ഇല്ലികൂപ്പ് ഭാഗത്ത് കുന്നോളം മാലിന്യം. വിജനമായ ഇവിടെ വീടുകളിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെ തള്ളുന്നുണ്ട്. ശബരിമല പാതയായ മുണ്ടക്കയം എരുമേലി റൂട്ടിൽ പുലിക്കുന്നിനും കണ്ണിമലക്കും ഇടയിലാണ് മുളംകാട് നിറഞ്ഞ ഇല്ലികൂപ്പ് പ്രദേശം. കഴിഞ്ഞ ശബരിമല സീസണിൽ ഹരിതകർമ്മസേന പ്രദേശം ശുചീകരിച്ചിരുന്നു. ഇതിന് ശേഷവും മത്സ്യ മാംസ അവശിഷ്ടങ്ങളും ടോയ്‌ലറ്റ് മാലിന്യങ്ങളും ഇവിടെ തള്ളുന്നത് പതിവാണ്. കടുത്ത ദുർഗന്ധവുമുണ്ട്. മഴപെയ്താൽ മാലിന്യങ്ങൾ സമീപത്തെ തോട്ടലേക്ക് ഒഴുകിയെത്തും. ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. മാലിന്യം തള്ളുന്നത് തടയാൻ പ്രദേശത്ത് കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.