rubber

അടിമാലി: മഴയും ലോക്ക് ഡൗണും റബ്ബർ കർഷകർക്ക് തിരിച്ചടിയായി.റബ്ബറിന് വിപണിയിൽ നേരിയ വിലവർദ്ധനവുണ്ടെങ്കിലും പൂർണ്ണതോതിൽ ഇതിന്റെ പ്രയോജനം കർഷകർക്ക് ലഭിച്ചില്ല.മരങ്ങളുടെ ഇലകൊഴിഞ്ഞ ശേഷം മഴകൂടിയെത്തിയതോടെ കൂടുതൽ ദിവസവും ടാപ്പിംഗ് നടക്കാതെ വന്നത് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കർഷകർ പറയുന്നുലോക്ക് ഡൗൺ കൂടിയായതോടെ മരങ്ങളിൽ റെയിൻഗാർഡ് ഒട്ടിക്കാൻ സാധിക്കാതെ പോയതും പല കർഷകർക്കും തിരിച്ചടിയായി.ഏറെ നാളുകൾക്ക് ശേഷമാണ് ഇത്തവണ വിപണിയിൽ റബ്ബറിന് 150തിന് മുകളിൽ വില ലഭിച്ചത്.നാളുകളായി ആളനക്കമില്ലാതെ കിടന്നിരുന്ന റബ്ബർത്തോട്ടങ്ങൾ വിലവർദ്ധനവുണ്ടായതോടെ സജീവമായിത്തുടങ്ങിയിരുന്നു.എന്നാൽ ഹൈറേഞ്ച് മേഖലയിൽ ഇത്തവണ ലഭിച്ച അധികമഴ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.മഴക്കാലങ്ങളിൽ സാധാരണ റെയിൻഗാർഡ് ഒട്ടിച്ച് കർഷകർ ടാപ്പിംഗ് നടത്തുക പതിവായിരുന്നുവെങ്കിൽ ലോക്ക് ഡൗണിനെ തുടർന്ന് ഇത്തവണ അക്കാര്യത്തിലും കർഷകർ ചില വെല്ലുവിളികൾ നേരിടുന്നുണ്ട്.