പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയതായി കോട്ടയം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍ ഗിരീഷ്‌കുമാര്‍ അറിയിച്ചു. ഇതിനായി ഗിരീഷ്‌കുമാര്‍ ജില്ലാ കളക്ടറെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.ഇപ്പോള്‍ ചിറക്കടവില്‍ വാക്‌സിനേഷന്‍ കേന്ദ്രം ഇല്ലാത്തതിനാല്‍ കങ്ങഴ പഞ്ചായത്തിലുള്ള ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോയാണ് നാട്ടുകാര്‍ വാക്‌സിന്‍ എടുക്കുന്നത്. ഇത്രയും ദൂരം പോകണമെങ്കില്‍ സ്വന്തമായി വാഹനം ഇല്ലാത്തവര്‍ ടാക്‌സി ഉപയോഗിക്കേണ്ടിവരുന്നു. കൂടാതെ എല്ലാ കേന്ദ്രത്തിലും 200 ഡോസ് വാക്‌സിന്‍ വരുമ്പോള്‍ രണ്ട് പഞ്ചായത്തിനും കൂടി (കങ്ങഴ, ചിറക്കടവ്) 200 ഡോസ് മാത്രമായിരിക്കും ലഭിക്കുന്നത്. പുതിയ സെന്ററോടുകൂടി ഇതിന് പരിഹാരമാകും . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, വൈസ് പ്രസിഡന്റ് ടി.എസ് ശരത്, പി.എസ്. പുഷ്പമണി എന്നിവരും ഗിരീഷ്‌കുമാറിനൊപ്പമുണ്ടായിരുന്നു.