മണർകാട് : കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. മാലം - ഒറവയ്ക്കൽ ഭാഗത്തെ പാടശേഖരങ്ങളും തോടും നിറഞ്ഞ് കവിഞ്ഞ നിലയിലാണ്. മഴ ഇനിയും തുടർന്നാൽ സമീപത്തെ വീടുകളിലേയ്ക്ക് വെള്ളം കയറാനുള്ള സാദ്ധ്യത ഏറെയാണ്. ബന്ധുവീടുകളിലേയ്ക്കും മറ്റും മാറാനുള്ള ശ്രമത്തിലാണ് പലരും. കൊവിഡ് വ്യാപനം മൂലം മറ്റ് വീടുകളിലേയ്ക്ക് മാറാൻ കഴിയാത്തവർ വെള്ളം ഉണ്ടെങ്കിലും ഇവിടെ തന്നെ തുടരുകയാണ്. മറ്റ് ചിലർ വാടക വീടുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴയിൽ ഒറവയ്ക്കൽ ഭാഗത്തെ വിവിധ വീടുകളുടെയും സെമിത്തേരിയുടെയും സംരക്ഷണ ഭിത്തികൾ ഇടിഞ്ഞിരുന്നു. ഏക്കർ കണക്കിന് കൃഷിനാശവും സംഭവിച്ചു.