കോട്ടയം: ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് ബിനോയ് പി.ചെറിയാന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത്. കൊവിഡാനന്തര രോഗങ്ങളാണ് ബിനോയിയെ മരണം കവരാൻ കാരണം. കൊവിഡ് ചികിത്സയിലിരിക്കെ ഗുരുതരമായ ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്ന് നെഗറ്റീവ് ആയെങ്കിലും രണ്ടാഴ്ചയായി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. ഈ സമയം കൊച്ചിയിലെ സ്റ്റാർ ഹോട്ടലിൽ ഷെഫായും പ്രവർത്തിച്ചിരുന്നു. തുടർന്ന് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയപൊതുപ്രവർത്തകനായി. 2016ലെ തിരഞ്ഞെടുപ്പിൽ കണക്കാരി പഞ്ചായത്ത് എട്ടാം വാർഡിൽ നിന്ന് വിജയിച്ചു. ആദ്യ രണ്ടരവർഷം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച സമയത്താണ് പഞ്ചായത്ത് ചെലവിൽ ഡോക്ടർ, നഴ്‌സ്, ഫർമസിസ്റ്റ് എന്നിവരെ നിയമിച്ച് കണക്കാരി പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റായതോടെ കൃഷിഭവൻ കാണക്കാരി സബ് സെന്റർ, കല്ലമ്പാറ ഷോപ്പിംഗ് കോംപ്ലക്‌സ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കി. സംസ്ഥാന അക്ഷയ ഊർജ്ജ പുരസ്‌കാരവും ആരോഗ്യ കിരണം പദ്ധതിയിൽ ജില്ലയിലെ മികച്ച പഞ്ചായത്തെന്ന അംഗീകാരവും നേടിയെടുക്കാൻ ബിനോയിയുടെ പ്രവർത്തനങ്ങൾക്കായി. കഴിഞ്ഞ ലോക്ക് ഡൗണ് കാലത്ത് ദിവസവും 250ലേറെ പേർക്ക് ഭക്ഷണം എത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ അദ്ദേഹത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തിച്ചത്. പൊതിച്ചോറിൽ എല്ലാ വിഭവങ്ങളും ഉറപ്പാക്കാനായി പാക്കിംഗിന് സ്വയം നേതൃത്വം നൽകുന്ന പഞ്ചായത്ത് പ്രസിഡന്റ് നാട്ടുകാർക്കും കൗതുകമായിരുന്നു