പാലാ: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ 53 വാർഡുകളിലും ഓരോ പൾസ് ഓക്‌സിമീറ്റർ വീതം നൽകി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ. കടനാട്, ഭരണങ്ങാനം,​ കരൂർ,മീനച്ചിൽ പഞ്ചായത്തുകളിലെ 53 മെമ്പർമാർക്കാണ് ഉപകരണം നൽകുന്നത്. പഞ്ചായത്ത് മെമ്പർമാർ അവരവരുടെ വാർഡുകളിലെ അർഹരായവർക്ക് ഉപകരണം നൽകുകയും അവരുടെ ഉപയോഗത്തിന് ശേഷം വാർഡുകളിൽ മറ്റ് ആവശ്യക്കാർക്ക് നൽകുകയുമാണ് ചെയ്യുന്നത്. ഒരു വർഷം വാറണ്ടി ഉള്ള ഉപകരണമാണ് നൽകുന്നത് . ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച ഓക്‌സിമീറ്ററുകൾക്ക് പുറമെ സ്വന്തമായി വാങ്ങിയതും ഉപയോഗിച്ചാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഇന്നും നാളെയുമായി മുഴുവൻ വാർഡുകളിലും മെമ്പർമാർക്ക് മീറ്ററുകൾ നൽകുമെന്ന് രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.പൾസ് ഓക്‌സിമീറ്റർ വിതരണോദ്ഘാടനം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലിസി സണ്ണിക്ക് നൽകി രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസുകുട്ടി അമ്പലമുറ്റം, പഞ്ചായത്ത് മെമ്പർമാരായ വിനോദ് ചെറിയാൻ, ലിൻസി സണ്ണി, ബിജു എൻ.എം ,സുധ ഷാജി,ബീന ടോമി, രാഹുൽജി കൃഷ്ണൻ, എൽസമ്മ ജോർജുകുട്ടി,​ പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ്,​ അസിസ്റ്റന്റ് സെക്രട്ടറി അനിൽ.എസ് എന്നിവർ പ്രസംഗിച്ചു.