റൂറൽ ഡവലപ്‌മെന്റ് കമ്മിഷണർക്ക് കത്തുനൽകി
കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ 2 താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ കളക്ടർ നിർദേശം നൽകി. തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ വർഷങ്ങളായി ജോലി ചെയ്തുവന്നിരുന്ന അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റുമാരെയാണ് പുറത്താക്കുന്നത്. കൂടാതെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിനും കളക്ടർ ഉത്തരവായി. ഇന്റേഷണൽ വിജിലൻസ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റുമാരെ പിരിച്ചുവിടാനുള്ള അനുമതി തേടി റൂറൽ ഡവലപ്‌മെന്റ് കമ്മിഷണർക്ക് കളക്ടർ കത്തുനൽകി. 2017- 18 മുതൽ നടത്തിയ മെറ്റീരിയൽ ജോലികളിലാണ് അഴിമതി നടന്നത്. പഞ്ചായത്ത് സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 2,85,000 രൂപയുടെ ക്രമക്കേട് കണ്ടെത്തി. സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയർ ഉൾപ്പെടെ 5 ജീവനക്കാരെ കളക്ടർ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണത്തിന് കട്ടപ്പന ബി.ഡി.ഒ. ബി. ധനേഷിനെ ചുമതലപ്പെടുത്തിയത്.
എന്നാൽ ദിവസങ്ങളോളം അന്വേഷണം നടത്തി ബി.ഡി.ഒ. നൽകിയ റിപ്പോർട്ട് അപൂർണവും പൊരുത്തക്കേടുകൾ നിറഞ്ഞതുമാണെന്നാണ് വിവരം. പഞ്ചായത്ത് സെക്രട്ടറി അന്വേഷണം നടത്തി കണ്ടെത്തിയ വിവരങ്ങൾ പോലും ഒരാഴ്ചത്തെ അന്വേഷണത്തിൽ ബി.ഡി.ഒയ്ക്ക് കണ്ടുപിടിക്കാനായില്ല. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെയും ഭരണസമിതിയേയും സംരക്ഷിക്കാനാണ് ബി.ഡി.ഒ ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്. ക്രമക്കേട് നടന്നമൂന്ന് പദ്ധതികൾ സംബന്ധിച്ച് വ്യക്തമായ വിവരം പരാതിക്കാർ നൽകിയിട്ടും ഇവ പരിശോധിക്കാൻ തയാറായില്ലെന്നും ആരോപണമുയർന്നു.
967 മെറ്റീരിയൽ ജോലികളുടെ ബോർഡ് സ്ഥാപിക്കാൻ പഞ്ചായത്തിൽ ആക്ടിവിറ്റി ഗ്രൂപ്പ് രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. സി.ഡി.എസ്. ചെയർപേഴ്‌സനെ പ്രധാന ഭാരവാഹിയാക്കി ഏയ്ഞ്ചൽ എന്ന പേരിൽ നിയമവിരുദ്ധമായി ആകിറ്റിവിറ്റി ഗ്രൂപ്പ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ബോർഡ് നിർമിക്കാൻ ഗ്രൂപ്പിന്റെ പേരിൽ ഭരണ പക്ഷത്തെ 2 പഞ്ചായത്ത് അംഗങ്ങൾക്ക് കരാർ നൽകുകയായിരുന്നു. സാധാരണ ഒരു ബോർഡിന് ചെലവാകുന്നതിന്റെ നാലിരട്ടി തുകയാണ് കരാറിൽ വകയിരുത്തിയത്. കൂടാതെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയപ്പോൾ തുക ഇരട്ടിയാക്കിയും ക്രമക്കേട് നടത്തി. അഴിമതി സംബന്ധിച്ച് അയ്യപ്പൻകോവിൽ പഞ്ചായത്ത് രൂപീകരിച്ച സബ് കമ്മിറ്റിയും അന്വേഷണം നടത്തുന്നുണ്ട്.