കട്ടപ്പന: ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വ്യാപാര മേഖലയ്ക്ക് ഇളവുകൾ നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. കച്ചവടക്കാരുടെ വായ്പകൾക്ക് ലോക്ക്ഡൗൺ കാലയളവിലെ പലിശ ഒഴിവാക്കി തിരിച്ചടവിന് സമയം അനുവദിക്കണം. ഇതുമൂലം ധനകാര്യ സ്ഥാപനങ്ങൾക്ക് വരുമാനത്തിൽ കുറവുണ്ടായാൽ അത് സർക്കാർ ധനസഹായത്തിലൂടെ പരിഹരിക്കണം. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്ക് പലിശ രഹിത വായ്പകൾ ലഭ്യമാക്കണം. ലൈസൻസ് സംബന്ധിച്ച ഫീസുകൾക്കും ഇളവ് അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വസ്ത്രങ്ങൾ, ചെരുപ്പ് തുടങ്ങിയ ഉത്പ്പന്നങ്ങൾ നശിക്കുകയാണ്. ആൾത്തിരക്ക് ഉണ്ടാകാത്ത വിധത്തിൽ ജ്വല്ലറി, ടെക്സ്റ്റയിൽസ്, സ്റ്റേഷനറി, ചെരുപ്പ്, ഗൃഹോപകരണങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ തുറക്കാനുള്ള അനുമതി നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്ക് വാടക ഒഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വ്യക്തികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും കച്ചവടം നടത്തുന്നവർക്ക് മെയിലെ വാടക ഒഴിവാക്കണമെന്നും പ്രസിഡന്റ് കെ.എൻ. ദിവാകരൻ, ജനറൽ സെക്രട്ടറി കെ.പി. ഹസൻ, ട്രഷറർ സണ്ണി പൈമ്പിള്ളിൽ എന്നിവർ അവശ്യപ്പെട്ടു.