dam

കോട്ടയം: ദിവസങ്ങളായി തിമിർത്തു പെയ്യുന്ന മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിൽ വെള്ളം നിറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും ഉയർന്ന ജലനിരപ്പിലാണ് ഇപ്പോൾ മിക്ക അണക്കെട്ടുകളും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.93 അടി ഇയർന്ന് 2338.99 അടിയായി. ഇന്ന് രാവിലെത്തെ കണക്കാണിത്. ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ 35.40 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസത്തേക്കാൾ ഏഴ് ശതമാനം അധികം വെള്ളമാണ് നിറഞ്ഞിരിക്കുന്നത്. കാലവർഷത്തിന് മുൻപ് തന്നെ ജലനിരപ്പ് ഇത്രയും ജലവിതാനം ഉയരുന്നത് അപൂർവ്വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്നലെയും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴയാണ് ലഭിച്ചത്. 2019ൽ ഇതേ ദിവസത്തെക്കാൾ ഇരട്ടിയോളം വെള്ളം ഇപ്പോൾ മിക്ക അണക്കെട്ടുകളിലുണ്ട്. 2018ൽ ഇതേ ദിവസം അണക്കെട്ടിൽ 23.88 ശതമാനം വെള്ളമുണ്ടായിരുന്നു. 2018 ഓഗസ്റ്റിലെ പ്രളയത്തിലായിരുന്നു ഇടുക്കി അണക്കെട്ട് തുറന്നു വിട്ടത്. കെ.എസ്.ഇ.ബി അണക്കെട്ടുകളിൽ ഇപ്പോൾ 1465.421 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഉണ്ട്.

കാലവ‌ർഷം ശക്തമാകുമെന്ന പ്രതീക്ഷയിൽ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം ഉയർത്തിയിട്ടുണ്ട്. എന്നാൽ ലോക്ക്ഡൗണും മഴയും ആയതിനാൽ വൈദ്യുതി ഉപയോഗം സംസ്ഥാനത്ത് കുറവാണ്. ഈ മാസം 66.45 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശരാശരി പ്രതിദിന ഉപയോഗം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 70 ദശലക്ഷം യൂണിറ്റിന് മുകളിലായിരുന്നു. ഇപ്പോൾ പ്രതിദിന വൈദ്യുതി ഉൽപ്പാദനം ശരാശരി 24.29 ദശലക്ഷം യൂണിറ്റാണ്.

അതേസമയം കാറ്റും മഴയും ഏറെ നാശം വിതച്ചെങ്കിലും കേരളത്തിൽ ഇത്തവണ ലഭിച്ചത് റെക്കോർഡ് വേനൽമഴയാണ്. കാലവർഷത്തിന് മുന്നോടിയായി ലഭിച്ച മഴയുടെ കണക്കിൽ 2018 നെ മറികടന്നു. കാലവർഷത്തിന് മുന്നോടിയായി ശക്തമായ മഴയുണ്ടാവുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.